അഹമ്മദാബാദ്: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻശുഭ്മാൻ ഗില്ലിന് പിഴ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനാണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ഗുജറാത്ത് ക്യാപ്റ്റൻ പിഴ തുകയായി ഒടുക്കേണ്ടത്. ഇതോടെ ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന് പിഴ ഈടാക്കുന്ന ആറാമത്തെ ടീമായി ഗുജറാത്ത് ടൈറ്റൻസ് മാറി.
ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന് പിഴ ചുമത്തപ്പെട്ട ക്യാപ്റ്റന്മാരുടെ പട്ടികയിൽ ഏഴാമതായി ഗില്ലും ഇടം നേടി. അക്സർ പട്ടേൽ (ഡിസി), സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്), രജത് പട്ടീദാർ (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു), ഋഷഭ് പന്ത് (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്), റിയാൻ പരാഗ് (ആർആർ), ഹാർദിക് പാണ്ഡ്യ (മുംബൈ ഇന്ത്യൻസ്) എന്നിവരാണ് ശിക്ഷ നേരിട്ട മറ്റ് ക്യാപ്റ്റന്മാർ.
അതേസമയം ജോസ് ബട്‌ലറുടെ (പുറത്താകാതെ 97) അർദ്ധ സെഞ്ച്വറി മികവിൽ, ഗുജറാത്ത് ടൈറ്റൻസ് 204 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ഇതോടെ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഡൽഹിക്കും പത്ത് പോയിന്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റിൽ ഗുജറാത്താണ് മുന്നിൽ.















