ചിന്നസ്വാമിയിൽ തോൽപ്പിച്ചതിന്റെ പ്രതികാരം മുല്ലൻപൂരിൽ വീട്ടി ആർസിബി. അച്ചടക്കത്തോടെയുള്ള ബൗളിംഗും നിലവാരമുള്ള ബാറ്റിംഗ് പ്രകടനവുമാണ് ബെംഗളൂരുവിന് അനായാസ വിജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 7 പന്തുകൾ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ദേവദത്ത് പടിക്കലിന്റെ ഇന്നിംഗ്സാണ് ആർ.സി.ബി വിജയത്തിന്റെ നട്ടെല്ല്.
താരം 35 പന്തിൽ 61 റൺസാണ് നേടിയത്. നാല് സിക്സും അഞ്ചു ബൗണ്ടറിയും ഉൾപ്പടെയായിരുന്നുയിത്. ഒരു റണ്ണുമായി സാൾട്ട് പുറത്തായപ്പോൾ ക്രീസിലെത്തിയ പടിക്കൽ വിരാടുമായി 103 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. അർദ്ധ സെഞ്ച്വറിയുമായി കോലിയും ആർ.സി.ബി വിജയത്തിൽ നിർണായക സംഭാവന നൽകി. 54 പന്തിൽ 73 റൺസെടുത്ത കോലി പുറത്താകാതെ നിന്നു.
പഞ്ചാബിന്റെ ഇന്നിംഗ്സിൽ 33 റൺസെടുത്ത പ്രഭ്സിമ്രാൻ സിംഗാണ് ടോപ് സ്കോറർ. മികച്ച തുടക്കം കിട്ടിയ പഞ്ചാബിനെ ആദ്യ വിക്കറ്റിന് ശേഷം ആർ.സി.ബി ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ശശാങ്ക് സിംഗ് (31), മാർക്കോ യാൻസൻ(25), ജോഷ് ഇംഗ്ലിസ്(29) എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. റൊമാരിയോ ഷെപ്പേർഡിന് ഒരു വിക്കറ്റ് ലഭിച്ചു.















