കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുടബോൾ ടൂർണമെന്റിനിടെ താത്കാലിക ഗാലറി തകർന്നുവീണ് അപകടം. കളി കാണാനെത്തിയ 52 ഓളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ടൂർണമെന്റിന്റെ ഫൈനൽ മത്‌സരം ആരംഭിക്കുന്നതിന് മുൻപായിരുന്നു അപകടം. മഴ കാരണം കമുകിന്റെ തടികൊണ്ട് നിർമ്മിച്ച താത്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകടത്തിനിടയാക്കിയത്.
നാലായിരത്തിലധികം പേർ സ്ഥലത്ത് സ്ഥലത്ത് മത്‌സരം കാണാൻ എത്തിയിരുന്നു. 45 പേര്‍ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേര്‍ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്‍റ് ജോസഫ്സ് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.
തലയ്‌ക്ക് പരിക്കേറ്റ രണ്ടുപേരെ കൂടുതൽ ചികിത്സകൾക്കായി കോതമംഗലം ആശുപത്രിയിൽ നിന്നും രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാഴ്ചയായി നടക്കുന്ന ഫുടബോൾ മത്സരത്തിന്റെ അവസാനദിനമായിരുന്നു അപകടം. ഗാലറി പിന്നിലേക്ക് മറിഞ്ഞ് വീണതോടെ നിരവധി ആളുകൾ ഇതിനടിയിൽപെട്ടു. മത്സരത്തിന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നതായും രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചതിനാൽ ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.