ചണ്ഡീഗഢ്: ചില ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ തന്നെയും പഞ്ചാബിലെ മറ്റ് രാഷ്‌ട്രീയ നേതാക്കളെയും വധിക്കാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു. തീവ്ര മത പ്രഭാഷകൻ അമൃത് പാൽ സിംഗിന്റെ ‘വാരിസ് പഞ്ചാബ് ദേ’ യുമായി ബന്ധമുള്ള സംഘടനകളാണ് പിന്നിലെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഗൂഢാലോചന വെളിപ്പെടുത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഒരു ചാറ്റിന്റെ ചോർന്ന സ്‌ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവച്ചു.
‘വാരിസ് പഞ്ചാബ് ദേ’ നേതാക്കൾ നടത്തിയ ഗൂഢാലോചന കേന്ദ്ര സർക്കാരും ഗൗരവമായി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ അതിന്റെ ഇരുണ്ട ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്ന അസ്ഥിരതയിലേക്ക് തള്ളിവിടുകയാണെന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.
ദേശീയ സുരക്ഷാ നിയമപ്രകാരം ഖദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിന്റെ തടങ്കൽ ഒരു വർഷത്തേക്ക് കൂടി നീട്ടിയതാണ് രവ്‌നീത് സിംഗ് ബിട്ടുവിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലക്ഷ്യം വയ്‌ക്കാനുള്ള പ്രധാന കാരണമെന്നും വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകളിൽ പറയുന്നു. പഞ്ചാബ് സർക്കാർ അമൃത്പാലിന്റെ തടങ്കൽ ഒരു വർഷം കൂടി നീട്ടിയിരുന്നു.അമൃത്പാല്‍ (32) ഇപ്പോള്‍ അസമിലെ ദിബ്രുഗഡ് ജയിലിലാണ്. 2023 ഏപ്രില്‍ 23 ന് അറസ്റ്റിലായതിനെത്തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുകയായിരുന്നു അദ്ദേഹം.
അതേസമയം, രാഷ്‌ട്രീയ പ്രവർത്തകരായി വേഷംമാറിയ ക്രിമിനൽ ഘടകങ്ങളോട് ആം ആദ്മി സർക്കാർ സ്വീകരിക്കുന്ന ലാഘവം നിറഞ്ഞ നിലപാടിനെ കേന്ദ്രമന്ത്രി വിമർശിച്ചു. പഞ്ചാബിനെ അസ്ഥിരപ്പെടുത്താൻ ദേശവിരുദ്ധ ശക്തികളെ കേന്ദ്രം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ മുത്തച്ഛൻ (ബിയാന്ത് സിംഗ്) പഞ്ചാബിലെ സമാധാനത്തിനായി ജീവൻ ബലിയർപ്പിച്ചു. രക്തസാക്ഷികളുടെ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്, തീവ്രവാദ ഭീഷണികൾക്ക് ഞാൻ ഭയപ്പെടുന്നില്ല. പഞ്ചാബ് വീണ്ടും ഇരുട്ടിലേക്ക് വീഴാൻ ഞാൻ അനുവദിക്കില്ല. ഈ ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും,” രവ്‌നീത് സിംഗ് ബിട്ടു പറഞ്ഞു.















