പരീക്ഷ എഴുതാൻ എത്തിയ ബ്രാഹ്മണ വിദ്യാർത്ഥിയുടെ പൂണൂൽ ഊരിമാറ്റിച്ചതായി പരാതി. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. പൊതു പ്രവേശന പരീക്ഷ (സിഇടി) എഴുതാനെത്തിയ വിദ്യാര്ഥിക്കാന് ദുരനുഭവം നേരിടേണ്ടി വന്നത്. പരീക്ഷാ ഹാളിന് പുറത്ത് യൂണിഫോമിൽ നിന്നിരുന്ന ഒരാൾ തന്റെ പൂണൂൽ ഊരിമാറ്റാൻ നിർബന്ധിച്ചുവെന്നും, അത് പൊട്ടിച്ച് ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചുവെന്നും പാർത്ഥ റാവു എന്ന വിദ്യാർത്ഥി ആരോപിച്ചു.
“ഞാൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി സിഇടി പരീക്ഷ എഴുതാൻ പോയിരുന്നു. ഏപ്രിൽ 16 ന്, യൂണിഫോമിലുള്ള വികാസ് എന്നൊരാൾ എന്റെ പൂണൂൽ ഊരിമാറ്റാൻ നിർബന്ധിച്ച് മുറിച്ച് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. ഞാൻ പരീക്ഷ എഴുതി, അതിനുശേഷം അത് ചവറ്റുകുട്ടയിൽ നിന്ന് പുറത്തെടുത്തു,” പാർത്ഥ റാവു പറഞ്ഞു. അതേസമയം, ബ്രാഹ്മണ സമുദായാംഗങ്ങൾ, കുറ്റാരോപിതനായ കാവൽക്കാരനെതിരെ പൊലീസിൽ പരാതി നൽകി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
സമാനമായ മറ്റൊരു സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പൂണൂൽ അഴിക്കാൻ നിർബന്ധിച്ചത് വിവാദമായതോടെ ശിവമോഗയിലെ ഒരു സിഇടി പരീക്ഷാ കേന്ദ്രത്തിൽ വിന്യസിച്ച രണ്ട് ഹോം ഗാർഡുകളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഏപ്രിൽ 16 ന് ശരാവതിനഗരയിലെ ആദിചുഞ്ചനഗിരി ഇൻഡിപെൻഡന്റ് പിയു കോളേജിലാണ് സംഭവം നടന്നത്. ഇത് പ്രാദേശിക ബ്രാഹ്മണ സമൂഹത്തിൽ രോഷം ആളിക്കത്തിക്കുകയും ജില്ലാ അധികാരികളിൽ നിന്ന് വേഗത്തിലുള്ള നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.















