കോഴിക്കോട്: നാദാപുരത്ത് വിവാഹ സംഘത്തെ മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ചെക്യാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ചയാണ് ഉച്ചയോടെയാണ് സംഭവം നടന്നത്. കുടുംബം സഞ്ചരിച്ച കാറിന്റെ മുന്നിലെ ഗ്ലാസ് ഇരുമ്പ് വടികൊണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ അടിച്ച് തകർത്തിരുന്നു. ആക്രമണത്തിൽ കൈക്കുഞ്ഞിന് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. സ്ഥലത്ത് വലിയ സംഘർഷം ഉടലെടുത്തതിന് പിന്നാലെ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.