എറണാകുളം: സിനിമാ സെറ്റുകളിൽ താരങ്ങളുടെ ലഹരി ഉപയോഗം വ്യാപകമാണെന്ന് എഡിജിപി മനോജ് എബ്രഹാം. പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലകളിൽ ലഹരി ഉപയോഗം വ്യാപകമാണ്. കൃത്യമായ വിവരം ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ചിട്ടുണ്ട്. സിനിമ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കും. സെറ്റുകളിൽ ലഹരി ഉപയോഗിക്കാറില്ലെന്ന് അണിയറപ്രവർത്തകരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ മടിക്കരുത്.
സിനിമ സംഘടനകളും പൊലീസുമായും യോഗം ചേരും. സിനിമയുടെ ഷൂട്ടിംഗ് തീർക്കാൻ ലഹരി ഉപയോഗിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാരവാനുകളിലും ഹോട്ടലുകളിലുമെല്ലാം ലഹരി ഉപയോഗം നടക്കുന്നു. ഷൂട്ടിംഗ് നടക്കുമ്പോഴുള്ള പാർട്ടികളിലും ഡിജെ പാർട്ടികളിലും ലഹരി ഉപയോഗിക്കാറുണ്ട്. അമ്മ ഉൾപ്പെടെയുള്ള എല്ലാ സിനിമാ സംഘടനകളുമായും യോഗം ചേരും.
കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിൽ ആരൊക്കെയാണ് വന്നതെന്ന കാര്യവും മൊഴികളിലുണ്ട്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കും. സിനിമാ മേഖലയിലെ പരാതികൾ ഗൗരവമായി തന്നെ അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു.















