മുംബൈ: ബാങ്ക്, ഐടി, എനര്‍ജി, ഓട്ടോ ഓഹരികളിലെ വമ്പന്‍ വാങ്ങലുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച ഉണര്‍വ്. തുടര്‍ച്ചയായ അഞ്ചാം സെഷനിലും വിപണിയില്‍ കാളകളുടെ കുതിപ്പ് കണ്ടു. സെന്‍സെക്‌സ് 1,000 പോയിന്റിലധികം (1.3%) ഉയര്‍ന്നു. അതേസമയം നിഫ്റ്റി50 24,000 ലെവല്‍ മറികടന്നു. ബാങ്കിംഗ് ഓഹരികളിലെ റാലി ബാങ്ക് നിഫ്റ്റി സൂചികയെ റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചു.
സെന്‍സെക്‌സ് 1,056.56 പോയിന്റ് ഉയര്‍ന്ന് 79,609.76 എന്ന ഇന്‍ട്രാഡേയിലെ ഉയര്‍ന്ന നിലയിലെത്തി. നിഫ്റ്റി50 333.9 പോയിന്റ് ഉയര്‍ന്ന് 24,185.55 എന്ന ഉയര്‍ന്ന നിലയിലെത്തി. ബാങ്ക് നിഫ്റ്റി സൂചിക 1,163.35 പോയിന്റ് അഥവാ 2.14% ഉയര്‍ന്ന് 55,453.55 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. നിഫ്റ്റി മിഡ്ക്യാപ് 100 സൂചികയും നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികയും 2% ത്തിലധികം ഉയര്‍ന്നതോടെ വിശാലമായ വിപണികളും റാലിയെ പിന്തുണച്ചു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക്‌സ്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്‌സ്, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഓയില്‍ & ഗ്യാസ് സൂചികകള്‍ മുന്നേറി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ എന്നിവ നഷ്ടം നേരിട്ടു.
നിഫ്റ്റിയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ട്രെന്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അദാനി പോര്‍ട്ട്‌സ് & സെസ്, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.
ബാങ്കുകളുടെ നാലാം പാദ ഫലങ്ങള്‍
മുന്‍നിര സ്വകാര്യ ബാങ്കുകള്‍ കണക്കാക്കിയതിലും ഉയര്‍ന്ന പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ബാങ്കിംഗ് ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചു. ഓഹരി വിപണിയിലെയാകെ റാലിക്ക് ഇത് കാരണമായി. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില 2% ത്തിലധികം ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തിലെത്തി. അതേസമയം ശക്തമായ പാദ ഫലങ്ങള്‍ നല്‍കിയതിന് ശേഷം ഐസിഐസിഐ ബാങ്ക് ഓഹരി വിലയും എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. മികച്ച റിസല്‍ട്ടിന് പിന്നാലെ യെസ് ബാങ്ക് ഓഹരികളും 7% ത്തിലധികം ഉയര്‍ന്നു.