വിശ്വാസികളുടെ മനസിൽ വലിയ ദുഃഖം ഉളവാക്കിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്ത ഒരു വലിയ മനസിന്റെ ഉടമയായിരുന്നു പോപ്പ് ഫ്രാൻസിസ്. അദ്ദേഹത്തിന്റെ വിയോഗം വളരെ ദുഃഖകരവും നഷ്ടബോധം ഉണ്ടാകുന്നതുമാണ്. ലോകത്തിലെ മുഴുവൻ വിശ്വാസികളോടൊപ്പം അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പങ്കിടുന്നു – ജോർജ് കുര്യൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയുടെ നേതാവ് എന്നാണ് സുരേഷ് ഗോപി മാർപാപ്പയെ വിശേഷിപ്പിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ ലോകം ദുഃഖിക്കുന്നു. മുഴുവൻ കത്തോലിക്ക സമൂഹത്തിനും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ദരിദ്രർക്കും ദുർബലർക്കും പരിസ്ഥിതിക്കും വേണ്ടി വാദിച്ചുകൊണ്ട് സ്നേഹം, കാര്യണ്യം, സേവനം എന്നിവ ലോകത്തിന് മനസിലാക്കി തന്നു. അദ്ദേഹം വരും തലമുറകൾക്ക് പ്രചോദനം നൽകും. അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തിയിൽ വിശ്രമിക്കട്ടെ. അദ്ദേഹത്തിന്റെ ഓർമകൾ നമ്മെ സ്നേഹത്തിന്റെ പാതയിലേക്ക് നയിക്കട്ടെയെന്നും സുരേഷ് ഗോപി കുറിച്ചു.