തൃശൂർ: മസാലദോശ കഴിച്ചതിന് പിന്നാലെ മൂന്ന് വയസുകാരി മരിച്ചു. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. മസാല ദോശയിൽ നിന്നും കുട്ടിക്ക് ഭക്ഷ്യവിഷബാധയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്‌ചയാണ് ഹെൻട്രി വിദേശത്ത് നിന്നെത്തിയത്. ഹെൻട്രിയെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുള്ള ഹോട്ടലിൽ നിന്നും കുടുംബം മസാലദോശ കഴിച്ചിരുന്നു. തൃശൂരിലെ വീട്ടിലെത്തിയതോടെ എല്ലാവർക്കും ശാരീരിക അസ്വസ്ഥതകൾ തുടങ്ങി. ബുദ്ധിമുട്ട് കൂടിയതോടെ ഹെൻട്രി ആശുപത്രിയിലെത്തി കുത്തിവയ്‌പ്പെടുത്ത് മടങ്ങി. പിന്നാലെ ഭാര്യയ്‌ക്കും കുഞ്ഞിനും അസ്വസ്ഥത തുടങ്ങി. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കുത്തിവയ്‌പ്പെടുത്തിന് പിന്നാലെ ഇവരും വീട്ടിലേക്ക് മടങ്ങി.
വീണ്ടും അസ്വസ്ഥത കൂടിയതോടെ ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പുതുക്കാട് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.















