തിരുവനന്തപുരം : ഭരണത്തുടർച്ചയ്‌ക്ക് വേണ്ടി സർവകലാശാലകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. വിനോദ് കുമാർ, ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന “എന്റെ കേരളം” പ്രചാരണ പരിപാടികളിൽ സർവകലാശാലകളെ പങ്കാളിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തു വന്നത്
“ഭരണത്തുടർച്ചയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാരും മുന്നണിയും തുടർ ഭരണം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ, സർവകലാശാലകൾ പോലെയുള്ള സ്വതന്ത്ര സ്ഥാപനങ്ങളെ ഇതിനായി കൂട്ടുപിടിക്കുന്നത് അനുചിതമാണ്.
ഇടതുസർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെയും രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെയും ഭാഗമായി ജില്ലാതലത്തിൽ വിപുലമായ പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് കേരള സർവകലാശാലയ്‌ക്കും കോട്ടയത്ത് മഹാത്മാഗാന്ധി സർവകലാശാലയ്‌ക്കുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരിപാടികളുടെ ഏകോപനച്ചുമതല സർക്കാർ നൽകിയിരിക്കുന്നത്. ജില്ലാതല പരിപാടിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സ്റ്റാൾ, പ്രൊമോ വീഡിയോ, സർവകലാശാലയുടെ മികവ് പ്രകടമാക്കുന്ന അനുബന്ധപരിപാടികൾ എന്നിവ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. കൂടാതെ ഏറ്റുമാനൂരിൽ പ്രൊഫഷണൽ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദത്തിലും സർവകലാശാലയുടെ സ്വന്തം ചെലവിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാവശ്യപ്പെട്ടിരിക്കുന്നു. കേരള സർവകലാശാലയിൽ നിന്ന് 250 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. സർവകലാശാലകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച വിഹിതത്തിൽ, സാമ്പത്തിക ഞെരുക്കം മൂലം വലിയ വെട്ടിക്കുറവ് വരുത്തിയ സർക്കാർ തുച്ഛമായ തുകയാണ് നൽകിയത്. അതിനാൽ സർവകലാശാലകളുടെ ഗവേഷണ പദ്ധതികളടക്കം പ്രതിസന്ധിയിലായിരിക്കുന്നു. അതിനിടെയാണ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കാൻ സർവകലാശാലകൾക്ക് അധികബാധ്യത അടിച്ചേല്പിച്ചിരിക്കുന്നത്. സർക്കാരിന്റെ തുടർ ഭരണം എന്നത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരുടെയും ഇടത് മുന്നണിയുടെയും താല്പര്യമാണ്. സർവകലാശാലകൾക്ക് ഇതിൽ യാതൊരു താല്പര്യവുമില്ല. സർവകലാശാലകളുടെ സ്വതന്ത്ര പരിവേഷവും വിശുദ്ധിയും നിലനിർത്താൻ തീരുമാനത്തിൽ നിന്ന് ഉടൻ സർക്കാർ പിന്തിരിയണം”, സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു
ഈ ആവശ്യമുന്നയിച്ച് ബഹുമാനപ്പെട്ട ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകുമെന്നും അവർ പറഞ്ഞു.