കോട്ടയം : തിരുവാതുക്കലിൽ ദമ്പതികളായ വിജയകുമാറിന്റെയും മീരയുടെയും കൊലപാതകത്തിൽ വിശദ അന്വേഷണത്തിന് സിബിഐ സംഘമെത്തി. കൊല്ലപ്പെട്ട ദമ്പതിമാരുടെ മകൻ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സംഘമാണ് വീട്ടിലെത്തിയത്. കൊലപാതകത്തിന്റെ തെളിവുകൾ ശേഖരിക്കാനും വിശദാംശങ്ങൾ അന്വേഷിക്കുന്നതിനുമാണ് സിബിഐ എത്തിയത്.
വീട്ടിലെ സിസിടിവിയുടെ ഡിവിആർ കാണാതായ പശ്ചാത്തലത്തിൽ കിണർ വറ്റിച്ച് പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി കിണറിന്റെ സമീപത്തെത്തിയതായി വ്യക്തമായതിനെ തുടർന്നാണ് കിണർ പരിശോധിക്കാൻ ഒരുങ്ങുന്നത്. വീട്ടിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും മോഷണം പോയിട്ടുണ്ട്.
ഗൗതമിന്റെ മരണവും ദമ്പതികളുടെ കൊലപാതകവും തമ്മിൽ ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017-ലാണ് ഗൗതമിനെ റെയിൽവേ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. സമീപത്തായി നിർത്തിയിട്ടിരുന്ന ഗൗതമിന്റെ കാറിനുള്ളിൽ നിന്ന് രക്തം കണ്ടെത്തിയിരുന്നു. എന്നാൽ മരണം ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.
മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയകുമാറും മീരയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ദമ്പതികളുടെ കൊലപാതകം. ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ കുറിച്ച് പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.















