തിരുവനന്തപുരം: ഗ്രീസിലെ റോഡ്സിൽ നടന്ന ലോക കേഡറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിൽ രണ്ട് മെഡലുകൾ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികൾ മത്സരിക്കുന്ന ടൂർണമെന്റിൽ അണ്ടർ-10 പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വർണം, വെള്ളി മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായത്. റാപിഡ് വിഭാഗത്തിലായിരുന്നു ദിവിയുടെ സ്വർണനേട്ടം. 11 ൽ 10 പോയിന്റ് നേടിയാണ് താരം സ്വർണം നേടിയത്.
ടൂർണമെന്റിൽ ഇന്ത്യ നേടിയ ഒരേയൊരു സ്വർണം കൂടിയാണിത്. ബ്ലിറ്റ്‌സ് വിഭാഗത്തിലാണ് ദിവിയുടെ വെളളിനേട്ടം. ഒൻപത് വയസ്സുകാരിയായ ദിവി ബിജേഷ് തന്റെ സഹോദരൻ ദേവനാഥിൽ നിന്നും അടിസ്ഥാനകാര്യങ്ങൾ പഠിച്ച് ഏഴാം വയസ്സിലാണ് ദിവി ചെസ്സ് കളിക്കാൻ തുടങ്ങിയത്. ഇന്ത്യയെ പ്രതിനിധീകരിച്ചു അന്താരാഷ്‌ട്ര തലത്തിൽ 9 സ്വർണ്ണവും, 5 വെള്ളിയും, 3 വെങ്കലവും ദിവി നേടിയിട്ടുണ്ട്. ഇതിനോടകം വിവിധ മത്സരിങ്ങളിലായി ദിവി അറുപത്തിലധികം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ജോർജിയയിൽ നടക്കാൻ പോകുന്ന ലോക കപ്പിൽ മത്സരിക്കുകയാണ് അടുത്ത ലക്ഷ്യം. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദിവി. മാസ്റ്റർ ചെസ് അക്കാദമിയിലെ ശ്രീജിത്താണ് പരിശീലകൻ. അച്ഛൻ: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ : ദേവനാഥ്