പഹൽ​​ഗാം ഭീകരാക്രമണം; സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഡൽഹിയിലെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം; നടുക്കം മാറാതെ രാജ്യം

Published by
Janam Web Desk

ന്യൂഡൽഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോ​ദി ഡൽഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി സ്ഥിതി​ഗതികൾ വിലയിരുത്താൻ അടിയന്തര യോ​ഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുമായി ചർച്ച നടത്തി. നാളെ പ്രധാനമന്ത്രിയുടെ അ​ദ്ധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോ​ഗം ചേരും.

ഭീകരാക്രമണത്തിന് പിന്നാലെ പഹൽ​ഗാം സൈന്യത്തിന്റെ വലയിലാണ്. ഭീകരർക്കായുള്ള തെരച്ചിൽ നടക്കുന്നുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. എല്ലാ വിനോദസഞ്ചാര മേഖലകളിലും നിരീക്ഷണം കടുപ്പിക്കും.

‌കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് പഹൽ​ഗാമിൽ ഭീകരാക്രമണമുണ്ടായത്. 26 വിനോദസഞ്ചാരികളെയാണ് ഭീകരർ വെടിവച്ച് വീഴ്‌ത്തിയത്. അമേരിക്ക, ഇസ്രായേൽ, ബ്രിട്ടൻ, ഓസ്ട്രേലിയ ഉൾപ്പെടെ ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി സൗദിയിലേക്ക് പോയത്. കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ സന്ദർശനം വെട്ടിച്ചുരുക്കുകയായിരന്നു. സൗദി അറേബ്യയുടെ ഔദ്യോ​ഗിക അത്താഴവിരുന്നിൽ നിന്നും പ്രധാനമന്ത്രി വിട്ടുനിന്നു.

Share
Leave a Comment