ശ്രീനഗർ: സൈനികവേഷം ധരിച്ചാണ് ഭീകരർ പഹൽഗാമിൽ എത്തിയതെന്ന് ദൃക്സാക്ഷികൾ. തോക്കുകളുമായി രണ്ട് ബൈക്കിലായി ആറംഗസംഘമാണ് എത്തിയത്. പൊടുന്നനെ തോക്കുമായി ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പലരും കുടുംബാംഗങ്ങളുടെ മുന്നിൽ വെടിയേറ്റ് വീണു.
മഞ്ഞ് മൂടപ്പെട്ട കശ്മീർ മലനിരകളിൽ നിന്ന് ഇന്നലെ പ്രതിധ്വനിച്ചത് വെടിയൊച്ചകളുടെ ശബ്ദമായിരുന്നു. നിസ്സഹായതയുടെ അലറിവിളികളായിരുന്നു. മധുവിധു ആഘോഷിക്കാൻ എത്തിയവർ, സുഹൃത്തുക്കളോടൊപ്പം ട്രക്കിംഗിന് വന്നവർ, കുടുംബത്തോടൊപ്പം കശ്മിർ ആസ്വദിച്ചിരുന്നവർ അങ്ങനെ പല ദേശത്ത് നിന്നും പഹൽഗാമിലേക്ക് എത്തിയവർ മിനിറ്റുകളുടെ വ്യത്യാസത്തിൽ വെടിയേറ്റ് പിടഞ്ഞുവീണു. ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങളുടെ മുന്നിൽ നിന്ന് ഉച്ചത്തിൽ കരയാനല്ലാതെ ഒന്നിനും കഴിയാതെ ബന്ധുക്കൾ നിശ്ചലരായി.
ഒരു മലയാളി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ വെടിയേറ്റ് വീണു. രണ്ട് വിദേശ പൗരന്മാരും കൂട്ടത്തിലുണ്ടായിരുന്നു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചിയിൽ ജോലി ചെയ്യുന്ന നാവികസേന ഉദ്യോഗസ്ഥനായ വിനയ് നർവാളിന്റെ ചിത്രം ഏവരെയും കണ്ണീരിലാഴ്‌ത്തിയിരുന്നു. ഭർത്താവിന്റെ മൃതദേഹത്തിന് സമീപം വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം ആക്രമണത്തിന്റെ ഭീകരത വിവരിക്കുന്നതാണ്. ആറ് ദിവസം മാത്രമായിരുന്നു അവരുടെ ദാമ്പത്യജീവിതം. മധുവിധു ആഘോഷിക്കാനാണ് അവർ കശ്മീരിലെത്തിയത്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മകളുടെയും ചെറുമക്കളുടെയും ഒപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു രാമചന്ദ്രനും ഭാര്യയും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലുണ്ട്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും രാവിലെ ഡൽഹിയിലെത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും സംസാരിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.