ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത ഭീകരന്റെ ആദ്യം ചിത്രം പുറത്ത്. കയ്യിൽ തോക്കുമായി ഓടുന്ന ഭീകരന്റെ ചിത്രമാണ് ദേശീയ വാർത്ത ഏജൻസികൾ പുറത്തുവിട്ടത്. വെടിവയ്പ്പിൽ 26 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 17 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
പഹൽഗാമിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. തദ്ദേശീയ ഭീകരർ ഉൾപ്പെടെ ആറംഗ സംഘമാണ് ഭീകരാക്രമണം നടത്തിയത്. പിന്നിൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പഹൽഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് മന്ത്രിസഭായോഗം ചേരും.
ബൈസരൻ താഴ്‌വരയിൽ ട്രെക്കിംഗ് നടത്തുകയായിരുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. പേരും മതവും ചോദിച്ച് ഹൈന്ദവരാണെന്ന് ഉറപ്പിച്ചതിന് ശേഷമായിരുന്നു ആക്രമണം. നിലവിൽ പഹൽഗാം, ബൈസരൺ, അനന്ത് നാഗ് മേഖലകളിൽ പരിശോധന നടക്കുകയാണ്. രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.















