ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ടുഭീകരരെ വധിച്ചതായി സൈന്യം. മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കനത്ത വെടിവെയ്പുണ്ടായതായും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പങ്കുവച്ച പ്രസ്താവനയിൽ അറിയിച്ചു. ഇവരിൽ നിന്നും വലിയ അളവിൽ ആയുധ ശേഖരം കണ്ടെത്തിയതായും സൈന്യം അറിയിച്ചു.
“സുരക്ഷാ സേനയും ഭീകരരും തമ്മിൽ കനത്ത വെടിവയ്പ്പ് നടന്നു. രണ്ട് ഭീകരരെ വധിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ സുരക്ഷാ സേന നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. ഭീകരരിൽ നിന്ന് വലിയ അളവിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് സ്‌ഫോടക വസ്തുക്കൾ എന്നിവ കണ്ടെടുത്തു. മേഖലയിൽ ഓപ്പറേഷൻ പുരോഗമിക്കുന്നു.”
കഴിഞ്ഞ ദിവസം ബാരാമുള്ളയിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ രണ്ടിലധികം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഭീകരരുടെ നീക്കം തടഞ്ഞ സൈനികർ ഏറ്റുമുട്ടലിൽ രണ്ടുപേരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം.