ശ്രീനഗർ: നിരപരാധികളായ 29 വിനോദ സഞ്ചാരികളെ കൂട്ടക്കൊല ചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ ആദ്യ പ്രതികരണം. ഭീകരാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അവ പ്രാദേശിക പ്രക്ഷോഭങ്ങളുടെ ഭാഗമാണെന്നുമായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ ന്യായീകരണം. സംഭവത്തിൽ വിദേശ ഇടപെടലുകൾ ഇല്ലെന്നും ആക്രമണം ഇന്ത്യക്കെതിരായ വിശാലമായാ കലാപത്തിന്റെ ഭാഗമെന്നും പാക് മന്ത്രി ആരോപിച്ചു.
പാകിസ്താൻ തീവ്രവാദത്തെ എതിരിക്കുന്നുവെന്നും ആക്രമണങ്ങൾക്ക് ഇന്ത്യ പാകിസ്താനെ പഴിചാരുന്നത് പതിവാണെന്നും പറഞ്ഞ ഖ്വാജ ആസിഫ് ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകി. അതേസമയം ഭീകരാക്രമണത്തിൽ 29 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതിൽ ആശങ്കയുണ്ടെന്നായിരുന്നു പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ആക്രമണത്തിനുപിന്നാലെ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്തിട്ടും പാകിസ്താൻ ഒളിച്ചുകളി തുടരുകയാണ്. അതേസമയം സുരക്ഷാ ഏജൻസികൾ ആക്രമണത്തിൽ ഉൾപ്പെട്ട 4 ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. പാകിസ്താനിലെ ലഷ്കർ കമാൻഡർ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. പാകിസ്താനിൽ നിന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും ഭീകരർക്ക് ഐഎസ്‌ഐ യുടെ സഹായം ലഭിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.