ഏറെ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയ വിവാഹ ജീവിതത്തിന് വെറും ആറ് ദിവസത്തെ ആയുസ്. കശ്മീരിലെ പഹൽഗാമിൽ ഭീകരർ വെടിവച്ചുകൊന്ന നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന് കണ്ണീരോടെ വിടനൽകി ഭാര്യ ഹിമാൻഷി. തന്റെ പ്രിയതമന്റെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശവപ്പെട്ടിക്കരികിൽ നിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ അവസാന സല്യൂട്ട് നൽകുന്ന ഹിമാൻഷി കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു.
ഇന്ന് രാവിലെ വിനയ് യുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചപ്പോൾ, ഭാര്യ ഹിമാൻഷി മൃതദേഹം വഹിച്ച പെട്ടിയെ ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു. ബന്ധുക്കളും ഉറ്റവരും ഹിമാൻഷിയെ ആശ്വസിപ്പിക്കാനാവാതെ വികരാധീനരായി. “നമ്മൾ എല്ലാ ദിവസവും അവനെക്കുറിച്ച് അഭിമാനിക്കും… നമ്മൾ അവനെക്കുറിച്ച് അഭിമാനിക്കണം,” വിറയ്‌ക്കുന്ന ശബ്ദത്തിൽ ഹിമാൻഷി പറഞ്ഞു.
“അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹം എവിടെയായിരുന്നാലും അദ്ദേഹത്തിന് ഏറ്റവും മികച്ച ജീവിതമാണ് ലഭിക്കുന്നത്. എല്ലാ വിധത്തിലും ഞങ്ങൾ അദ്ദേഹത്തെ അഭിമാനിപ്പിക്കും. അദ്ദേഹം കാരണമാണ് ഞങ്ങൾ ഇപ്പോഴും അതിജീവിക്കുന്നത്,” കൊല്ലപ്പെട്ട തന്റെ ഭർത്താവിന് വിടപറയവെ ഹിമാൻഷി കൂട്ടിച്ചേർത്തു.

ഭാര്യ ഹിമാൻഷിക്കൊപ്പം ഹണിമൂൺ ആഘോഷിക്കാൻ കശ്മീരിലെ പഹൽഗാമിലെത്തിയതാണ് വിനയ്. ഇവിടെവച്ചാണ് വിനയിനെ ഭീകരർ വെടിവച്ചുകൊന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു (ഏപ്രിൽ 16) ഇരുവരുടേയും വിവാഹം. രണ്ട് വർഷം മുൻപാണ് ലെഫ്റ്റനന്റ് വിനയ് നർവാൾ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഹരിയാനയിലെ കർണാൽ സ്വദേശിയായ 26 കാരനായ വിനയ് യുടെ മൃതദേഹം വൈകുന്നേരം 5 മണിക്ക് ജന്മനാട്ടിലേക്ക് കൊണ്ടുപോകും. നാളെ അന്ത്യകർമങ്ങൾ നടക്കും. കർണാൽ ജില്ലയിലെ ഘരൗണ്ടയിൽ നിന്നുള്ള ബിജെപി എംഎൽഎയും ഹരിയാന നിയമസഭാ സ്പീക്കർ ഹർവീന്ദർ കല്യാണും ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിക്കാൻ കർണാൽ നഗരത്തിലെത്തി.















