അമൃത്സർ: മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ പിടിയിൽ. പഞ്ചാബ് അമൃത്സറിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തലയ്‌ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മംഗത് സിംഗാണ് അറസ്റ്റിലായത്.
ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) സാഹിബാബാദ് പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഖാലിസ്ഥാൻ മുൻ കമാൻഡോ ഫോഴ്സിന്റെ തലവനായിരുന്ന സംഗത് സിംഗിന്റെ സഹോദരനാണ് മംഗത് സിംഗ്. 1990-ൽ പഞ്ചാബ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സംഗത് കൊല്ലപ്പെട്ടിരുന്നു.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ മംഗത് സിംഗ് വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകശ്രമം, ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുക, മാരകായുധങ്ങൾ കൈവശം വയ്‌ക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
1993-ൽ മംഗത് സിംഗ് അറസ്റ്റിലായിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ജാമ്യം ലഭിച്ചു. പിന്നാലെ ഒളിവിൽ പോവുകയായിരുന്നു. കവർച്ച, പിടിച്ചുപറി എന്നീ കുറ്റങ്ങൾക്കും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.















