മുൻ ബിജെപി എംപിയും നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ ഗൗതം ഗംഭീറിന് വധഭീഷണി ‘ഐഎസ്‌ഐഎസ് കശ്മീർ'(ISIS കാശ്മീർ) എന്ന ഭീകര സംഘടനയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഗംഭീറിന്റെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് രണ്ട് വ്യത്യസ്ത ഇമെയിലുകളിലായാണ് ഭീഷണി സന്ദേശം എത്തിയത്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് താരം പോസ്റ്റും പങ്കുവച്ചിരുന്നു.
ഭീഷണിയെ തുടർന്ന് ഗംഭീർ ഡൽഹി പൊലീസിൽ നിന്നും അടിയന്തര നടപടി ആവശ്യപ്പെട്ടു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് താരം ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചതായി രജീന്ദർ നഗർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയും സെൻട്രൽ ഡൽഹി ഡിസിപിയും അറിയിച്ചു.
ഏപ്രിൽ 22 നാണ് ഭീഷണി സന്ദേശമടങ്ങിയ രണ്ട് ഇമെയിലുകൾ ലഭിച്ചത്. രണ്ടിലും “IKillU” എന്ന സന്ദേശം ഉണ്ടായിരുന്നു. ഗംഭീർ ഇത്തരം ഭീഷണികൾ നേരിടുന്നത് ഇതാദ്യമല്ല. 2021 നവംബറിൽ, സിറ്റിംഗ് പാർലമെന്റ് അംഗമായിരിക്കെ അദ്ദേഹത്തിന് സമാനമായ ഒരു ഇമെയിൽ ലഭിച്ചിരുന്നു. ഭീഷണിയുടെ ഗൗരവം കണക്കിലെടുത്ത് ഇക്കാര്യം സമഗ്രമായി അന്വേഷിക്കുകയും ഗംഭീറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതിന് ഉചിതമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.