മുംബൈ: പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്ക് (ഐപിഒ) തയാറായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. അടുത്തയാഴ്ച നടക്കുന്ന ഐപിഒ വഴി 2,981 കോടി രൂപ സമാഹരിക്കാനാണ് നീക്കം. ഏകദേശം 12,000 കോടി രൂപയുടെ മൂല്യമാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പിന്റെ ഗണ്യമായ നിക്ഷേപമുള്ള കമ്പനിയുടെ ഐപിഒയെ പ്രതീക്ഷയോടെയാണ് വിപണിയും നിക്ഷേപകരും കാണുന്നത്. ഐപിഒ വിഭാഗത്തിലെ ഒമ്പത് ആഴ്ചത്തെ വരള്‍ച്ചയെ മറികടക്കാന്‍ ഏഥര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ പാരമ്പര്യ കമ്പനികള്‍ക്ക് അനുകൂലമായി അതിവേഗം ഏകീകരിക്കപ്പെടുന്ന സമയത്താണ് ഏഥറിന്റെ പബ്ലിക് ഇഷ്യു വരുന്നത്.
ആപ്രില്‍ 28ന് ആരംഭിക്കുന്ന ഐപിഒയില്‍ 2626 കോടി രൂപ വരുന്ന 8.18 കോടി ഓഹരികളാണ് ഏഥര്‍ കൈമാറുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഏഥറിന്റെ മുഖ്യ എതിരാളിയായ ഒല ഇലക്ട്രിക്കും ഐപിഒ പൂര്‍ത്തിയാക്കിയിരുന്നു. 23200 കോടി കോടി രൂപയാണ് ഒലയുടെ വിപണി മൂലധനം. ഇതിന്റെ ഏകദേശം നേര്‍ പകുതി മൂല്യമാണ് ഏഥറിന് നല്‍കിയിരിക്കുന്നത്.
ഐപിഒയിലൂടെ ലഭിക്കുന്ന പണത്തില്‍ 927 കോടി രൂപ ഉപയോഗിച്ച് മഹാരാഷ്‌ട്രയില്‍ ഒരു ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുമെന്ന് ഏഥര്‍ പറയുന്നു. 750 കോടി രൂപ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനായി ചെലവാക്കും.
ഇന്ത്യന്‍ ഇവി ഇരുചക്ര വിപണി
2025 സാമ്പത്തിക വര്‍ഷത്തില്‍ ഒലയുടെ വിപണി വിഹിതം 34 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് കുറഞ്ഞു. ബജാജും ടിവിഎസുമാണ് ഈ വിഹിതത്തിലേക്ക് കടന്നുകയറ്റം നടത്തിയത്. ബജാജിന്റെ വിഹിതം 11 ല്‍ നിന്ന് 20 ശതമാനത്തിലേക്കും ടിവിഎസിന്റേത് 20 ല്‍ നിന്ന് 21 ശതമാനത്തിലേക്കും ഉയര്‍ന്നു. ഹീറോയുടെ വിപണി വിഹിതം 2 ല്‍ നിന്ന് 4 ശതമാനത്തിലേക്ക് ഇരട്ടിച്ചു. അതേസമയം ഏഥര്‍ 11.6 ശതമാനം വിപണി വിഹിതവുമായി സ്ഥിരതയാര്‍ന്ന മുന്നേറ്റം നടത്തി. ദക്ഷിണേന്ത്യയിലെ മികച്ച വില്‍പ്പന അടിസ്ഥാനമാക്കി രാജ്യത്തെ നാലാമത്തെ വലിയ ഇവി ടൂവീലര്‍ വില്‍പ്പനക്കാരനായി മാറി ഏഥര്‍.















