മുംബൈ: നിക്ഷേപത്തിന്റെ പള്‍സറിയാന്‍ ആണുങ്ങളെക്കാള്‍ മിടുക്കര്‍ ഭാര്യമാരാണെന്ന് വ്യവസായിയും ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക. കാറും സ്മാര്‍ട്ട്‌ഫോണുമൊക്കെ വാങ്ങാനും അവധി ദിവസങ്ങളില്‍ യാത്ര പോകാനുമൊക്കെ താന്‍ പണം മുടക്കിയപ്പോള്‍ അതേ തുകയ്ക്ക് സ്വര്‍ണം വാങ്ങിയ തന്റെ ഭാര്യയുടെ ആസ്തി നാലിരട്ടിയായാണ് വര്‍ധിച്ചതെന്ന് ഗോയങ്ക പറഞ്ഞു.
’10 വര്‍ഷം മുന്‍പ് ഞാന്‍ 8 ലക്ഷം രൂപയ്‌ക്ക് ഒരു കാര്‍ വാങ്ങി. അതേ സമയം തന്നെ ഭാര്യ 8 ലക്ഷം രൂപയ്‌ക്ക് സ്വര്‍ണവും വാങ്ങി. ഇന്ന് എന്റെ കാറിന്റെ വില 1.5 ലക്ഷം രൂപയാണ്. അവളുടെ സ്വര്‍ണത്തിന്റെ വില 32 ലക്ഷം രൂപയും,’ ഗോയങ്ക എക്‌സില്‍ എഴുതി.
‘ഒരിക്കല്‍, സ്വര്‍ണം വാങ്ങേണ്ട, ഒരു യാത്രക്ക് പോകാമെന്ന് ഞാന്‍ അവളോട് പറഞ്ഞു. വെക്കേഷന്‍ 5 ദിവസമേ ഉണ്ടാകൂ, സ്വര്‍ണം 5 തലമുറ നിലനില്‍ക്കുമെന്നായിരുന്നു ഭാര്യയുടെ മറുപടി,’ ഗോയങ്ക എഴുതി.
സ്വര്‍ണത്തില്‍ നിക്ഷേപിച്ച ഭാര്യ വീണ്ടും തന്നേക്കാള്‍ ബുദ്ധിമതിയായ മൂന്നാമത്തെ അവസരവും ഗോയങ്ക ഓര്‍ത്തെടുത്തു. ഒരു ലക്ഷം രൂപയ്‌ക്ക് താന്‍ വാങ്ങിയ സ്മാര്‍ട്ട്‌ഫോണിന് ഇന്ന് 8000 രൂപയാണ് വില. അതേ സമയം തന്നെ 1 ലക്ഷം രൂപയ്‌ക്ക് ഭാര്യ വാങ്ങിയ സ്വര്‍ണത്തിന്റെ വില ഇപ്പോള്‍ 2 ലക്ഷം രൂപയും.
എന്തുകൊണ്ടും ഭാര്യമാര്‍ തന്നെ കൂടുതല്‍ ബുദ്ധിയുള്ളവരെന്ന് ഹര്‍ഷ് ഗോയങ്ക ഇപ്രകാരം ഉറപ്പിക്കുന്നു. തമാശയായാണ് ഹര്‍ഷ് ഗോയങ്ക ഇത് പങ്കുവെച്ചതെങ്കിലും 10 വര്‍ഷം കൊണ്ട് നാലിരട്ടിയും ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിയും ലാഭം നല്‍കാന്‍ സ്വര്‍ണത്തിനുള്ള കഴിവ് കൂടി നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം. ഗോയങ്കയുടെ ഭാര്യയെ പോലെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സധൈര്യം മുന്നോട്ടുവരാം.
സ്വര്‍ണവില
അതേസമയം ബുധനാഴ്ച താഴേക്കിടിഞ്ഞ സ്വര്‍ണവില വ്യാഴാഴ്ച 1% മുകളിലേക്ക് കയറി. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണത്തിന് അല്‍പ്പം ക്ഷീണം തട്ടിയത്. എന്നാല്‍ പുതിയ വാങ്ങലുകാര്‍ എത്തിയതോടെ വീണ്ടും വില ഉയര്‍ന്നു.
ഹ്രസ്വ കാലത്തേക്ക് സ്വര്‍ണവില ചാഞ്ചാട്ടം കാണിക്കുമെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു. ഏപ്രില്‍ 24ന് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ 10 ഗ്രാം സ്വര്‍ണത്തിന് 95,893 രൂപയായിരുന്നു വില. ഇന്ത്യന്‍ ബുള്യന്‍ അസോസിയേഷന്റെ കണക്ക് പ്രകാരം 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് (തോല ബാര്‍) 96,130 രൂപയും 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 88,119 രൂപയുമാണ്.
കേരളത്തില്‍ ഗ്രാമിന് 10 രൂപ കുറഞ്ഞ് 9005 രൂപയും പവന് 80 രൂപ താഴ്ന്ന് 72,040 രൂപയുമാണ് ഇന്നത്തെ വില.