ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്ത് പ്രാദേശിക ഭരണകൂടം. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള രണ്ട് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തതായി അധികൃതർ അറിയിച്ചു.
ഭീകരരുടെ വീടുകൾക്കുള്ളിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ് അനന്ത്‌നാഗ് ജില്ലക്കാരനായ ആദിൽ ഹുസൈൻ. അതേസമയം പുൽവാമ നിവാസിയായ ആസിഫ് ഷെയ്‌ഖിന് ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു. ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ആദിൽ ഹുസൈന്റെയും മറ്റ് രണ്ട് തീവ്രവാദികളുടെയും രേഖാചിത്രങ്ങൾ അനന്ത്നാഗ് പൊലീസ് വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു .
മറ്റ് രണ്ട് പ്രതികൾ പാകിസ്താനി ഭീകരരാണ്. ഇവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും പൊലീസ് പറഞ്ഞു. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങൾ പ്രകാരം മറ്റ് രണ്ട് പ്രതികൾ ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായ് എന്ന തൽഹ ഭായ് എന്നിവരാണ്. ഇവർ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗങ്ങളാണ്.















