ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം. അൽതാഫ് ലല്ലി എന്ന ഉന്നത ലഷ്കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കുൽനാർ ബാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കർ ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ ഭാഗമായുള്ള തിരിച്ചലിലാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ബന്ദിപ്പോരയിൽ സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇവിടെ ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
അതേസമയം, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തി. ബന്ദിപ്പോരയിൽ നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ ലഷ്കർ ഇ തൊയ്ബ ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷന്റെ പുരോഗതി വിലയിരുത്താനും സ്ഥിതിഗതികൾ സമഗ്രമായി നിരീക്ഷിക്കാനുമാണ് കരസേനാ മേധാവി എത്തിയിരിക്കുന്നത്.