തനിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വ്യാജമാണെന്ന് വ്ലോഗർ മുകേഷ് എം നായർ. കെട്ടിച്ചമച്ച കേസാണിതെന്നും വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ പക്കലിലുണ്ടെന്നും മുകേഷ് പറഞ്ഞു. സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് മുകേഷിന്റെ വിശദീകരണം.
“വാർത്ത കണ്ട് ഞാൻ ഞെട്ടിയിരിക്കുകയാണ്. ഇത് കെട്ടിച്ചമച്ച കേസാണെന്ന് തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ പക്കലുണ്ട്. എന്നോട് ദേഷ്യമുള്ള ഒരു വ്ലോഗർ അല്ലെങ്കിൽ ഒരുകൂട്ടം വ്ലോഗേഴ്സ് ചേർന്ന് നടത്തിയ ആരോപണമാണിത്. എന്റെ പക്കലുള്ള തെളിവുകൾ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഞാൻ ഒരിടത്തും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. അന്വേഷണവുമായി സഹകരിക്കും”.
“ആയിരത്തിലധികം ഉദ്ഘാടനങ്ങൾ ചെയ്ത് ലോകറെക്കോർഡുള്ള ആളാണ് ഞാൻ. രണ്ടായിരത്തിലധികം ബ്രാൻഡ് കൊളാബറേഷനും ചെയ്തിട്ടുണ്ട്. പക്ഷേ, എനിക്കെതിരെ ആരോപണങ്ങൾ പറയുന്നവർക്കൊന്നും അവസരം കിട്ടുന്നില്ല. അത് എന്റെ കുറ്റമല്ല. ഞാനൊരു ബിസിനസുകാരനാണ്. സോഷ്യൽമീഡിയയിൽ എനിക്കെതിരെ ക്യാമ്പയിൻ നടന്നിട്ടുണ്ട്. അതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും” മുകേഷ് എം നായർ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധനഗ്നനയാക്കി വീഡിയോ ചിത്രീകരിച്ചെന്നും പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചെന്നുമുള്ള പരാതിയിലാണ് മുകേഷ് എം നായർക്കെതിരെ കേസെടുത്തത്. കോവളത്തെ റിസോർട്ടിൽ വച്ചാണ് റീൽസ് ചിത്രീകരണം നടന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു കേസ്.















