തിരുവനന്തപുരം: പ്രമുഖ കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണ കമ്പനിയായ Siemens Gamesa Renewable Energy LTD (SGRE) പേരിലാണ് പുതിയതട്ടിപ്പ് നടത്തുന്നത്. WhatsApp ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ( http://www.sgrein.shop/ ) ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതോടുകൂടി ഒരു WhatsApp ഗ്രൂപ്പിലേക്ക് അംഗമാകുന്നു.
ഇത്തരത്തിൽ WhatsApp ഗ്രൂപ്പിലേക്ക് അംഗമാകുന്നവരെ പ്രമുഖ കാറ്റാടിയന്ത്ര ടർബൈൻ നിർമ്മാണകമ്പനിയിൽ നിക്ഷേപം നടത്തി ലാഭം കൈവരിക്കുന്നതിനായി കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുകൊണ്ട് പ്രസ്തുത കമ്പനിയുടെ ഉത്പന്നങ്ങളിൽ നിക്ഷേപം നടത്തുവാൻ പ്രേരിപ്പിക്കുന്നു.
നിക്ഷേപം നടത്തുന്നവർക്ക് തുടക്കത്തിൽ ലാഭവിഹിതം എന്ന പേരിൽ ചെറിയതുകകൾ നൽകി വിശ്വാസം നേടിയെടുക്കുന്നു. മാത്രമല്ല കൂടുതൽ ആളുകളെ ഇത്തരത്തിൽ നിക്ഷേപകരായി ചേർക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം അധികലാഭം നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിൽ തട്ടിപ്പ് വ്യാപിപ്പിക്കുന്നു.
നിക്ഷേപകർ പണം മടക്കി ആവശ്യപ്പെടുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞു പണം നൽകാതിരിക്കുമ്പോഴാണ് അവർ തട്ടിപ്പിനിരയായ വിവരം മനസ്സിലാക്കുന്നത്. ഇത്തരത്തിൽ അമിതലാഭം വാഗ്ദാനം നൽകിക്കൊണ്ടുള്ള ജോലി വാഗ്ദാനങ്ങളിലോ, ഓൺലൈൻ നിക്ഷേപങ്ങളിലോ പൊതുജനങ്ങൾ ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരം തട്ടിപ്പുകാർക്ക് യഥാർത്ഥ കമ്പനിയുമായി യാതൊരു വിധ ബന്ധവുമില്ല. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ പരസ്യങ്ങൾ, ലിങ്കുകൾ, ആപ്പുകൾ എന്നിവ പൂർണ്ണമായും അവഗണിക്കുക.ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന് സൗജന്യ ഫോൺ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ സമർപ്പിക്കാവുന്നതാണ്.