കൊച്ചി: സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി പൊലീസ് കസ്റ്റഡിയിൽ. നടിമാർ നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് പൊക്കിയത്. സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിക്കുന്നതായാണ് നടിമാരുടെ പരാതി. അശ്ലീല പരാമർശം നടത്തിയെന്ന് നടി ഉഷ ഹസീന,ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എറണാകുളം നോർത്ത് പോലീസ് സന്തോഷ് വർക്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമ നടികളിൽ മിക്കവരും വേശ്യകളാണെന്ന പരാമർശമാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയത്.
സന്തോഷിന്റെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും 40 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് അത് വേദയുണ്ടാക്കിയെന്നും ഉഷ പരാതിയിൽ വ്യക്തമാക്കി. ആലപ്പുഴ ഡിവൈഎസ്പിക്കാണ് നടി പരാതി നൽകിയത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. രാത്രി ഫേസ്ബുക്ക് ലൈവിൽ വന്നാണ് ഇയാൾ പതിവായി സ്ത്രീകളെ അധിക്ഷേപിക്കുന്നത്.
മുന്‍പും സാമൂഹികമാദ്ധ്യമങ്ങളിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. തിയേറ്ററുകളിലെത്തി ആരാധകരുടെയും ഓൺലൈൻ ചാനലുകളുടെയും ശ്രദ്ധപിടിച്ചുപറ്റുകയാണ് ഇയാളുടെ ലക്ഷ്യം. ഈ പോപ്പുലാരിറ്റി ഉപയോഗിച്ച് വരുമാനം കണ്ടെത്തുന്നതാണ് ഇവരുടെ രീതി.















