ന്യൂഡൽഹി : വീർ സവർക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ താക്കീത് ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായൽ സ്വമേധയാ കേസെടുക്കും എന്നുമാണ് കോടതി പറഞ്ഞത്.
2022 നവംബർ 17 ന് ഭാരത് ജോഡോ യാത്രയ്‌ക്കിടെ മഹാരാഷ്‌ട്രയിലെ അകോള ജില്ലയിൽ നടന്ന റാലിയിൽ രാഹുൽ സവർക്കറെ പെൻഷൻ വാങ്ങിയിരുന്ന ബ്രിട്ടീഷ് സേവകനാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പരാമർശത്തിൽ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ രാഹുലിനെതിരെ ലഖ്‌നൗ കീഴ്‌ക്കോടതിയിൽ പരാതി നൽകി, കോടതി രാഹുലിന് സമൻസ് അയച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചു, എന്നാൽ ഈ വർഷം ഏപ്രിൽ 4 ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് രാഹുലിന്റെ ഹർജി തള്ളിക്കളഞ്ഞതോടെയാണ് ആശ്വാസത്തിനായി സുപ്രീം കോടതിയുടെ വാതിലുകളിൽ മുട്ടേണ്ടി വന്നത്.
സമൂഹത്തിൽ വിദ്വേഷം വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് രാഹുൽ ഗാന്ധിവിനായക് ദാമോദർ സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചതെന്നും അദ്ദേഹം ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ വാങ്ങിയെന്നു ആരോപിച്ചതെന്നും അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ പരാതിയിൽ ആരോപിച്ചു. രാഹുൽ ഗാന്ധിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 153 എ, 505 എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ മാസം ഹാജരാകാതിരുന്നതിന് വിചാരണ കോടതി രാഹുലിന് പിഴ ചുമത്തിയിരുന്നു
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് വെള്ളിയാഴ്ച കേസ് പരിഗണിച്ചത്. തുടർന്നാണ് ഇവർ രാഹുലിനെ താക്കീത് ചെയ്തത്.















