ന്യൂഡെല്‍ഹി: ആഗോള താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകള്‍ ശമിക്കുന്നതിനിടെ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ സ്വര്‍ണവിലയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇടിവ്. ഏപ്രില്‍ 24ന് ഒരു ശതമാനത്തിലധികം മുന്നേറിയ എംസിഎക്‌സ് ഗോള്‍ഡ് ഇന്ന് ഇന്‍ട്രാഡേ വ്യാപാരത്തില്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. വ്യാഴാഴ്ച ഔണ്‍സിന് 3327 ഡോളറായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച 3299 ലേക്ക് താഴ്ന്നു. ഏപ്രില്‍ 21 ന് 3500 രൂപയിലായിരുന്നു സ്വര്‍ണവില.
അന്താരാഷ്‌ട്ര വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും കേരളത്തില്‍ ഇന്ന് സ്വര്‍ണവില സ്ഥിരമായിരുന്നു. ഗ്രാമിന് 9005 രൂപയ്‌ക്കും പവന് 72,040 രൂപയ്‌ക്കുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ 10 രൂപയും ബുധനാഴ്ച 275 രൂപയും ഗ്രാമിന് വില കുറഞ്ഞിരുന്നു.
യുഎസ് ഇറക്കുമതികള്‍ക്ക് ചൈന ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വര്‍ണ്ണ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ഉടമ്പടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ സ്വര്‍ണ്ണ വിലയില്‍ ലാഭമെടുപ്പ് നടക്കുന്നുണ്ട്.
ചൈന ചില യുഎസ് ഇറക്കുമതിക്ക് 125 ശതമാനം താരിഫ് ഒഴിവാക്കിയേക്കാമെന്നും ഇതിന് യോഗ്യമായ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ബിസിനസുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ, ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. താരിഫുകള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ഭരണകൂടം ആഗോളതലത്തില്‍ വിവിധ രാഷ്‌ട്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അനുകൂലമായ വ്യാപാര കരാറുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ വളരെ കൂടുതലാണ്.
ഡോളര്‍ നേട്ടമുണ്ടാക്കിയതും സ്വര്‍ണ്ണ വിലയെ ബാധിച്ചു. ഡോളര്‍ സൂചിക 0.3 ശതമാനമാണ് ഉയര്‍ന്നത്.















