ശ്രീനഗർ: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് യുവതി. കൊല്ലപ്പെട്ട സുശീൽ നഥാനിയേലിന്റെ ഭാര്യ ജെനിഫറാണ് ഭീകരാക്രമണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളാണ് ഇവർ.
“ഞങ്ങൾ അവിടെ നിന്ന് തിരിക്കുന്ന സമയത്താണ് ആക്രമണമുണ്ടായത്. തിരികെ വരാൻ തുടങ്ങിയപ്പോൾ എന്റെ ഭർത്താവ് സുശീലിന് ബാത്റൂമിൽ പോകണമെന്ന് പറഞ്ഞു. അദ്ദേഹം ബാത്റൂമിലേക്ക് പോയി. പെട്ടെന്നാണ് വെടിയൊച്ച കേട്ടത്. അവിടെയുണ്ടായിരുന്ന റോപ്പ് വേ പൊട്ടിയതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്. പുറത്തേക്ക് വന്നപ്പോൾ ഒരാൾ നമുക്ക് മുന്നിൽ വെടിയേറ്റ് വീഴുന്നത് കണ്ടു. എന്നെ കൊല്ലൂ എന്ന് പറഞ്ഞ് ഒരു പെൺകുട്ടി കരയുന്നതും ഞങ്ങൾ കണ്ടിരുന്നു”.
പല ഭാഗങ്ങളിലേക്ക് ആളുകൾ ഓടിക്കൊണ്ടിരുന്നു. ഞങ്ങൾ ബാത്റൂമിന്റെ പുറകിലായി ഒളിച്ചിരുന്നു. ഞങ്ങൾ ഓടാൻ ശ്രമിച്ചപ്പോഴേക്കും ഭീകരൻ ഞങ്ങളെ കണ്ടെത്തിയിരുന്നു. കലിമ ചൊല്ലാൻ എന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടു. അറിയില്ലെന്ന് പറഞ്ഞതും അദ്ദേഹത്തെ വെടിവച്ചുവീഴ്‌ത്തിയെന്നും ജെനിഫർ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സുശീലിന്റെ സംസ്കാരം നടന്നത്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അന്ത്യാഞ്ജലി അർപ്പിച്ചു. മക്കളുടെയും ഭാര്യയുടെയുമൊപ്പമാണ് സുശീൽ പഹൽഗാമിൽ എത്തിയത്. ആക്രമണത്തിൽ മകൾക്കും വെടിയേറ്റിരുന്നു.















