ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎൻ സുരക്ഷാ സമിതി. അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയാണ് ഭീകരവാദം ഉയർത്തുന്നതെന്നും ആക്രമണത്തിന്റെ സംഘാടകരേയും സ്പോൺസർമാരേയും നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും സമിതി വിലയിരുത്തി.
ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെ, എപ്പോൾ, ആരാൽ ചെയ്യപ്പെട്ടാലും, ഭീകരവാദം കുറ്റകരവും നീതീകരിക്കാൻ കഴിയാത്തതുമാണ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്പോൺസർമാർ എന്നിവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഎൻ സുരക്ഷാ സമിതി ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനുള്ള പങ്ക് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. പാക് നേതാക്കളുടെയും മന്ത്രിമാരുടേയും പരോക്ഷ പരാമർശങ്ങൾ ഇത് സാധൂകരിക്കുന്നതുമാണ്. ഭീകരാക്രമണത്തെ അപലപിച്ച് ലണ്ടനിലെ പാക് ഹൈക്കമ്മീഷന് പുറത്ത് ഇന്ത്യൻ പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തി. നിരപരാധികളെയാണ് തീവ്രവാദികൾ കൊന്നൊടുക്കിയതെന്നും ഈ ഭീകരത വളർത്തുന്നത് പാകിസ്താനിലെ ഇസ്ലാമിക ഭരണകൂടമാണെന്നും അവർ പറഞ്ഞു.