അവധിക്കാലം കശ്മീർ താഴ്‌വരയിൽ ചെലവഴിക്കണമെന്ന് പൗരന്മാരോട് അഭ്യർത്ഥിച്ച് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. പഹൽഗാമിലെ ഭീകരാക്രമണ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കശ്മീരിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തിനെതിരെ പ്രതിരോധം തീർക്കുന്നതിനും ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ലതാ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് 2025 ചടങ്ങിൽ സംസാരിച്ച സുനിൽ ഷെട്ടി, കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഊന്നിപ്പറഞ്ഞു. പൗരന്മാർക്കിടയിൽ ഐക്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭയത്തിനും വിദ്വേഷത്തിനും വഴങ്ങരുതെന്ന് സുനിൽ ഷെട്ടി ജനങ്ങളോട് ആവശ്യപ്പെട്ടു. “നമ്മെ സംബന്ധിച്ചിടത്തോളം, മനുഷ്യരാശിയെ സേവിക്കുന്നത് ദൈവസേവനമാണ്. സർവ്വശക്തൻ എല്ലാം കാണുകയും പ്രതികരിക്കുകയും ചെയ്യും. ഇപ്പോൾ, ഇന്ത്യക്കാരായ നാം ഐക്യത്തോടെ തുടരേണ്ടതുണ്ട്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴരുത്, മറിച്ച് ഐക്യത്തോടെ തുടരണം. കശ്മീർ നമ്മുടേതായിരുന്നു, നമ്മുടേതാണ്, എപ്പോഴും നമ്മുടേതായിരിക്കുമെന്ന് നാം അവരെ കാണിക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.
കശ്മീരിൽ അടുത്ത അവധിക്കാലം പ്ലാൻ ചെയ്യാൻ ഇന്ത്യൻ പൗരന്മാരോട് താരം അഭ്യർത്ഥിച്ചു. “ഒരു പൗരനെന്ന നിലയിൽ, നിങ്ങൾ ഒരു കാര്യം ചെയ്യണം. നമ്മുടെ അടുത്ത അവധിക്കാലം കശ്മീരിലാണെന്നും മറ്റെവിടെയുമല്ലെന്നും തീരുമാനിക്കണം. നമ്മൾ ആരെയും ഭയപ്പെടുന്നില്ലെന്ന് അവരെ കാണിക്കണം,” സുനിൽ ഷെട്ടി പറഞ്ഞു. താൻ അധികാരികളെ ബന്ധപ്പെടുകയും ആവശ്യമെങ്കിൽ കശ്മീർ സന്ദർശിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















