പത്തനംതിട്ട: മുൻ ബിഎസ്എഫ് ജവാനും അൽഷിമേഴ്സ് രോഗബാധിതനുമായ 59-കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹോംനേഴ്സ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. എറണാകുളം തട്ട സ്വദേശി ശശിധരൻ പിള്ളയെയാണ് ഇയാൾ ക്രൂരമായി മർദ്ദിച്ചത്. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വിഷ്ണുവിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ശശിധരൻ പിള്ള ആശുപത്രിയിൽ ചികിത്സയിലാണ്. എഴുന്നേറ്റ് പോകാതിരിക്കാൻ കാലുകൾ തല്ലിയൊടിക്കുകയും ഭിത്തിയിൽ തലയിടിക്കുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറഞ്ഞു. മർദ്ദനത്തിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് വയോധികൻ.
തറയിൽ വീണ് പരിക്കേറ്റെന്ന് കള്ളം പറഞ്ഞാണ് വിഷ്ണു വയോധികനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ബന്ധുക്കൾക്ക് സംശയം തോന്നുകയും വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതോടെയാണ് ഹോംനേഴ്സിന്റെ ക്രൂരത വ്യക്തമായത്. കഴിഞ്ഞ അഞ്ച് വർഷമായി അൽഷിമേഴ്സ് രോഗബാധിതനായി ചികിത്സയിലാണ് വൃദ്ധൻ. ഒന്നര മാസത്തിന് മുമ്പാണ് വിഷ്ണും വയോധികനെ നോക്കാനായി വീട്ടിലേക്ക് എത്തിയത്.















