തൃശൂർ: തന്റെ വീടിന് സമീപം സ്ഫോടക വസ്തു എറിഞ്ഞ സംഭവം പൊലീസിനെ അറിയിച്ചിട്ടും തുടർ നടപടികൾ സ്വീകരിച്ചില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നടപടി എടുക്കാതിരുന്നാൽ താൻ വെറുതെ ഇരിക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ വീടിന് സമീപം നടന്ന ബോംബ് ആക്രമണം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം ആക്രമങ്ങളിലൂടെ ബിജെപിയെ ഭയപ്പെടുത്താൻ ആർക്കും സാധിക്കില്ല. കോൺഗ്രസുകാരായാലും സിപിഎമ്മുകാരായാലും നിഷ്പക്ഷ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ തൃശൂർ അയ്യന്തോൾ പുതൂർക്കരയിലുള്ള വാടക വീടിന്റെ നേരെ എതിർ ദിശയിലാണ് ബോംബെറിഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഈ സമയത്ത് തൊട്ടടുത്ത പുതൂർക്കര ജംഗ്ഷനിലും കാറിൽ അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.