ന്യൂഡെല്‍ഹി: 10 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗുമായി എയര്‍ ഇന്ത്യ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. ചൈനീസ് വിമാനക്കമ്പനികള്‍ക്ക് വേണ്ടി നിര്‍മിച്ചവയാണ് ഈ വിമാനങ്ങള്‍. എന്നാല്‍ ചൈനയും യുഎസും തമ്മിലുള്ള താരിഫ് യുദ്ധം കടുത്തതോടെ ഷി ജിന്‍ പിംഗ് ഭരണകൂടം യുഎസ് വിമാനക്കമ്പനികളില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങേണ്ടെന്ന് ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ചൈനീസ് വിമാനക്കമ്പനികള്‍ പിന്‍മാറിതോടെ ആവശ്യക്കാരില്ലാതായി മാറിയ വിമാനങ്ങളിലാണ് (വൈറ്റ് ടെയില്‍) എയര്‍ ഇന്ത്യ കണ്ണുവെച്ചിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസിനായാണ് ഈ നാരോ ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എന്നാല്‍ ഒരു കരാറിലെത്തിയാല്‍, വര്‍ഷാവസാനത്തോടെ ജെറ്റുകള്‍ എയര്‍ ഇന്ത്യയുടേതാവും.
ഉയര്‍ന്ന താരിഫ് കാരണം നിരവധി ചൈനീസ് കമ്പനികള്‍ ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ബോയിംഗ് സിഇഒ കെല്ലി ഓര്‍ട്ട്ബര്‍ഗ് സ്ഥിരീകരിച്ചു. യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം, 100 ശതമാനത്തിലധികം താരിഫ് പരസ്പരം ചുമത്തുന്നതിലേക്കാണ് നയിച്ചിരിക്കുന്നത്. ഡെലിവറി ചെയ്യാത്ത വിമാനങ്ങള്‍ ആവശ്യമുള്ള മറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനി ഇപ്പോള്‍ നോക്കുകയാണെന്ന് ഓര്‍ട്ട്ബര്‍ഗ് പറഞ്ഞു. ഇവിടെയാണ് എയര്‍ ഇന്ത്യ ചിത്രത്തിലേക്ക് വരുന്നത്.
കരാര്‍ നടപ്പായാല്‍ എയര്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണങ്ങളുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഇതിനകം 100-ലധികം വിമാനങ്ങളുണ്ട്. വൈറ്റ് ടെയില്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നതില്‍ മുന്‍പരിചയവുമുണ്ട്. പലപ്പോഴും കുറഞ്ഞ വിലയ്‌ക്ക് വൈറ്റ് ടെയ്ല്‍ വിമാനങ്ങള്‍ ലഭിക്കും.
ചൈനീസ് എയര്‍ലൈനുകള്‍ക്കായി ഉദ്ദേശിച്ച വിമാനങ്ങള്‍ക്ക് വ്യത്യസ്ത ഇരിപ്പിട രൂപകല്‍പ്പനകളോ ക്യാബിന്‍ ഫിറ്റിംഗുകളോ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. എയര്‍ ഇന്ത്യയുടെ നിലവിലെ ഡിസൈന്‍ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതിന് മാറ്റങ്ങള്‍ ആവശ്യമായി വന്നേക്കാമെന്നതിനാല്‍, ഈ വ്യത്യാസങ്ങള്‍ ഇടപാടിന്റെ അന്തിമ ചെലവിനെ ബാധിച്ചേക്കാം.
ഓര്‍ഡര്‍ ചെയ്ത് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട എന്നതാണ് എയര്‍ ഇന്ത്യക്ക് ലഭിക്കുന്ന പ്രധാന നേട്ടം. ഈ വിമാനങ്ങള്‍ ലഭിക്കുന്നതോടെ എയര്‍ ഇന്ത്യയുടെ വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്ക് സഹായകരമാവുകയും ചെയ്യും. നിലവില്‍, ബോയിംഗില്‍ നിന്നും എയര്‍ബസില്‍ നിന്നുമുള്ള വിമാന വിതരണത്തിലെ കാലതാമസം കാരണം എയര്‍ലൈന്‍ ഗ്രൂപ്പിന്റെ പദ്ധതികള്‍ മന്ദഗതിയിലാണ്.
ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ മത്സരം വര്‍ധിക്കുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര, അന്തര്‍ദേശീയ ശൃംഖല മെച്ചപ്പെടുത്തുന്നതിന് പുതിയ വിമാനങ്ങള്‍ പ്രധാനമാണെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു.















