ഇസ്ലാമാബാദ്: ഇന്ത്യക്ക് മേൽ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. വെള്ളം തടയാനാണ് ഉദ്ദേശ്യമെങ്കിൽ യുദ്ധത്തിന് തയ്യാറായിക്കോളൂവെന്നും 130 ആണവായുധങ്ങൾ ഇന്ത്യക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടെന്നും ഹനീഫ് അബ്ബാസി പറഞ്ഞു. ഘോരി, ഷഹീൻ, ഘസ്നവി മിസൈലുകളും 130 ആണവായുധങ്ങളും ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ വേണ്ടി മാറ്റിവച്ചിട്ടുണ്ടെന്നായിരുന്നു പാക് ന്ത്രിയുടെ വാക്കുകൾ.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയായിരുന്നു ഇന്ത്യ നടപടികൾ കടുപ്പിച്ചത്. സിന്ധു നദീജല കരാർ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിൽ പാക് ഭരണകൂടത്തിന് പൊള്ളലേറ്റു. ഇതോടെ അത്യന്തം പ്രകോപനപരമായ പ്രസ്താവനകളാണ് ഭരണകൂടത്തിന്റെ പ്രതിനിധികളായ വിവിധ അംഗങ്ങൾ നടത്തുന്നത്. പ്രതിപക്ഷ നേതാക്കളും ഭരണപക്ഷ നേതാക്കളും ഒരുപോലെ യുദ്ധത്തിന് കാഹളം മുഴക്കി. സിന്ധു നദിയെ തടഞ്ഞാൽ ഇന്ത്യയിൽ നിന്ന് ചോരപ്പുഴ ഒഴുകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പാക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഏറ്റവും ഒടുവിലായി റെയിൽവേ മന്ത്രി നടത്തിയ പ്രസ്താവനയും പ്രകോപനപരമാണ്.
പാകിസ്താന്റെ അണ്വായുധങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടിയുള്ളതല്ല, വേണ്ടിവന്നാൽ പ്രയോഗിക്കാനുള്ളതാണെന്നും അതിന്റെ ലൊക്കേഷനുകൾ അതീവരഹസ്യമാണെന്നും ഹനീഫ് അബ്ബാസി പറഞ്ഞു. ജലവിതരണം മുടക്കിയാൽ ഇന്ത്യ യുദ്ധത്തിന് തയ്യാറാവുക തന്നെ വേണം. പാകിസ്താനുള്ള സൈനിക ഉപകരണങ്ങൾ, മിസൈലുകൾ, ഇവയൊന്നും വെറുതെ പ്രദർശനത്തിന് വേണ്ടിയുള്ള വസ്തുക്കളല്ല. പാകിസ്താന്റെ ആണവായുധങ്ങൾ എവിടെയെല്ലാമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പോലും ആർക്കും അറിയില്ല. ഒരിക്കൽ കൂടി പറയുകയാണ്. ഈ ബാലിസ്റ്റിക് മിസൈലുകളെല്ലാം ഇന്ത്യക്ക് മേൽ പ്രയോഗിക്കാൻ വേണ്ടി കരുതിവച്ചവയാണ്- അബ്ബാസി ഭീഷണിമുഴക്കി.