ഇടുക്കി: കാറപകടത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് അപകടസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഭർത്താവ് പിടിയിൽ. ആലടി സ്വദേശി സുരേഷാണ് പിടിയിലായത്. കാറപകടത്തിന് പിന്നാലെ വാഹനത്തിൽ കുടുങ്ങിയ നവീനയെ ഉപേക്ഷിച്ച് സുരേഷ് മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് ഗുരുതരമായി പരിക്കേറ്റ നവീനയെ വാഹനത്തിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് നവീന.
സംഭവത്തിൽ സുരേഷിനെ പിടികൂടുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. കാർ മനഃപൂർവം അപകടത്തിൽപ്പെടുത്തി ഭാര്യയെ അപായപ്പെടുത്താനാണ് സുരേഷ് ശ്രമിച്ചതെന്ന് സൂചനയുണ്ട്. കാറിടിക്കുന്നതിന് മുന്നോടിയായി ഇയാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടുകയും ചെയ്തുവെന്നാണ് വിവരം. എന്നാൽ ഭാര്യ സ്റ്റിയറിംഗിൽ പിടിച്ചുവലിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് സുരേഷ് മൊഴി നൽകി. ഉപ്പുതറ പൊലീസ് അന്വേഷണം തുടരുകയാണ്.