ഡൽഹിയിൽ ഏകദേശം 5,000 പാകിസ്താൻ പൗരന്മാർ താമസിക്കുന്നതായി ഇന്റലിജൻസ് ബ്യൂറോ (ഐബി) കണ്ടെത്തി. തുടർനടപടികൾക്കായി ഇവരുടെ പട്ടിക ഡൽഹി പൊലീസിന് കൈമാറി. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രാജ്യതലസ്ഥാനത്ത് കഴിയുന്ന പാകിസ്താനികളുടെ വിശദമായ പട്ടിക ഫോറിൻ റീജിയണൽ ഓഫീസ് (FRRO) ഡൽഹി പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചിനാണ് കൈമാറിയിട്ടുള്ളത്. തുടർനടപടികൾക്കായി പട്ടിക ജില്ലാ യൂണിറ്റുകൾക്ക് അയച്ചു. ദീർഘകാല വിസയില്ലാത്തവരെ പാകിസ്താനിലേക്ക് ഉടൻ തിരിച്ചയക്കുക എന്നതാണ് നടപടിയുടെ പ്രാഥമിക ലക്ഷ്യം. ഡൽഹി നഗരത്തിലെ മധ്യ, വടക്കുകിഴക്കൻ മേഖലകളിലാണ് ഭൂരിഭാഗം പാക് പൗരന്മാരും താമസിക്കുന്നത്. ഇവരെ ഓരോരുത്തരെയും കണ്ടെത്തി വേരിഫിക്കേഷൻ നടത്തുന്ന പ്രക്രിയയിലാണ് ഡൽഹി പൊലീസ്.
താത്കാലിക/സന്ദർശക വിസയിൽ എത്തിയ പാകിസ്താനികൾ രാജ്യം വിടുന്നതിനുള്ള അവസാന തിയതി ഇന്നാണ് (മാർച്ച് 27). വ്യവസായ/മെഡിക്കൽ ആവശ്യങ്ങൾക്കായി എത്തിയവരും രണ്ടുദിവസത്തിനുള്ളിൽ മടങ്ങണം. നിർദിഷ്ട തിയതിക്കകം രാജ്യം വിടാത്തവരെ പാകിസ്താനിലേക്ക് നാടുകടത്തും.