26 പേരുടെ ജീവൻ നഷ്‌ടമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യക്ക് പിന്തുണയുമായി ലോകം മുഴുവൻ അണിനിരക്കുമ്പോൾ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹവും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവുകളിൽ അണിനിരന്നു.

യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യൻ വംശജർ ഇരകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമാധാനപരമായ പ്രകടനങ്ങൾ നടത്തി. ലണ്ടനിലെ പാകിസ്താൻ ഹൈക്കമ്മീഷന് പുറത്തും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ പ്രതിഷേധ പ്രകടനവുമായെത്തി.

യുകെയിൽ ഇന്ത്യൻ ത്രിവർണ പതാകകൾ കൈകളിലേന്തി ആളുകൾ പാകിസ്താൻ മിഷനെതിരെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കപ്പെട്ടു. ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലെ ഇന്ത്യൻ പ്രവാസികൾ സെനറ്റ് സ്‌ക്വയറിന് പുറത്ത് ഇരകൾക്ക് നീതി ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രകടനം നടത്തി. ആക്രമണത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി അവർ മൗനം ആചരിച്ചു.

ഹെൽസിങ്കിയിൽ നടന്ന പ്രകടനത്തിൽ പങ്കുചേരാൻ നിരവധി ഇന്ത്യൻ പ്രവാസികൾ തെരുവുകളിൽ ഒത്തുകൂടി. കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് അനുശോചനംരേഖപ്പെടുത്തുന്നതായി പ്രകടനം അഭിസംബോധന ചെയ്ത സംസാരിച്ചവർ പറഞ്ഞു.















