മുൻ പാക് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്. കശ്മീരിൽ 26 നിരപരാധികളുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചാനൽ ബ്ലോക്ക് ചെയ്തത്. ക്രിക്കറ്റ് താരങ്ങളുടെയും മത്സരങ്ങളുടെയും വിശകലനത്തിലൂടെയും വിമർശനങ്ങളിലൂടെയും പ്രശസ്തനായ ഷോയിബ് അക്തറിന്റെ “100mph” എന്ന ചാനൽ സർക്കാർ ബ്ലോക്ക് ചെയ്ത മറ്റ് 16 യൂട്യൂബ് ചാനലുകളിൽ ഒന്നാണ്. 3.5 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാ രാണ് ഷോയിബ് അക്തറിന്റെ ചാനലിനുള്ളത്.
ഭീകരാക്രമണത്തിന് ശേഷവും ഇന്ത്യക്കെതിരെയും ഇന്ത്യൻ സൈന്യത്തിനെതിരെയും വിവിധ സുരക്ഷാ ഏജൻസികൾക്കെതിരെയും പ്രകോപനപരമായ ഉള്ളടക്കം പങ്കുവെക്കുന്ന പാക് യൂട്യൂബ് ചാനലുകളാണ് ഭാരതം വിലക്കിയത്. ഏകദേശം 63 ദശലക്ഷം വരെ സബ്‌സ്‌ക്രൈബർമാരുള്ള നിരോധിത പ്ലാറ്റ്‌ഫോമുകളിൽ ഡോൺ ന്യൂസ്, സമ ടിവി, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്താർ, ജിയോ ന്യൂസ്, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാൻ വാർത്താ ചാനലുകളും ഉൾപ്പെടുന്നു.
ഭീകരാക്രമണത്തിനുപിന്നാലെ പാകിസ്താനെതിരെ ഇന്ത്യ ദ്വിരാഷ്‌ട്ര പരമ്പരകൾ കളിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. കൂടാതെ തുടർനടപടികളുടെ ഭാഗമായി ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ പാകിസ്താൻ സൂപ്പർ ലീഗ് കവറേജുകളും അവസാനിപ്പിച്ചു. സോണി സ്പോർട്സും ഫാൻകോഡുമാണ് കവറേജ് താത്കാലികമായി നിർത്തിയത്.