തിരുവനന്തപുരം : “ശരയോഗ സംഗമം 2025 ” നോടനുബന്ധിച്ച് സമർപ്പിക്കുന്ന ഈ വർഷത്തെ ആദിമുനി മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചാനൽ റിപ്പോർട്ടർക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് ജനം ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് വി. വിനീഷ് അർഹനായി.
സമഗ്ര സംഭാവനയ്ക്കുള്ള ആദിമുനി മാദ്ധ്യമ പുരസ്‌കാരം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം രാജശേഖരപ്പണിക്കർക്കും മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരം ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിനും ലഭിക്കും. പുതുതലമുറ മാദ്ധ്യമത്തിൽ മികച്ച അവതാരകനുളള ആദിമുനി മാദ്ധ്യമ പുരസ്‌കാരത്തിന് വടയാർ സുനിൽ അർഹനായി.
മികച്ച യുവ സാഹിത്യകാരനുള്ള ആദിമുനി സാഹിത്യ പുരസ്‌കാരം യദു വിജയകൃഷ്ണൻ പരമേശ്വരനും, മികച്ച സോഷ്യൽ മീഡിയ ഇൻഫ്ലുൻസർക്കുള്ള ആദിമുനി സമൂഹമാദ്ധ്യമ പുരസ്‌കാരം പ്രേം ശൈലേഷിനും, പ്രചോദനാത്മക പ്രവർത്തനങ്ങൾക്കുള്ള ആദിമുനി സമൂഹ മാദ്ധ്യമ പുരസ്‌കാരം ഉണ്ണി മാക്സിനും ലഭിക്കും.
ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള, പ്രശാന്ത് അമൃതം, വിജയൻ ഗുരുക്കൾ, സാബൻകുട്ടി ഗുരുക്കൾ, പി മാധവക്കുറുപ്പ് വൈദ്യർ എന്നിവർ ആദി മുനി കർമശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായി. അഡ്വ: ഫിലിപ്പ് ജോസഫ്, ഡോ. ബെന്നീസ് രാജ, സുരേഷ് കുമാർ, ഡോ. അഖിലേശൻ, നന്ദൻ കടലുണ്ടി, രമേശ് കല്ലുപ്പാറ (പടയണി), സന്തോഷ് കുമാർ സിനി മേക്കപ്പ് ആർട്ടിസ്റ്റ് എന്നിവർ ആദി മുനി ശാക്തീകരണ പുരസ്കാരത്തിന് അർഹരായി.
2025 മെയ് നാലിന് തിരുവല്ല കുമ്പനാട് മണിയാട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന “ശരയോഗ സംഗമം 2025 ” ൽ വെച്ച് ശരരാജ യോഗി ഡോ: സുനിൽ ബാബു കെ സി അവാർഡുകൾ സമർപ്പിക്കും.
അഡ്വ. ഫിലിപ്പ് ജോസഫ് പുത്തൻചിറ അധ്യക്ഷത വഹിക്കുന്ന”ശരയോഗ സംഗമം 2025″ ൽ, ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള അനുഗ്രഹ പ്രഭാഷണം നടത്തും. തൃദീപ് വൈദ്യർ, ഡോ. ബെന്നിസ് രാജ, ആചാര്യ ഡോ. സുബ്രഹ്മണ്യൻ കൃഷ്ണസ്വാമി, Dr. പി ടി ജയപ്രകാശ് ലാൽ ദാജിവാലേജി, ഡോ. സാഹു കിഷോർ ജെയിൻ സഫർ , ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗാശ്രമം മഠാധിപതി സദ്ഗുരു രമാദേവി അമ്മ, പ്രശാന്ത് അമൃതം, ശ്രീ സുരേഷ് കുമാർ, ശ്രീ ഉണ്ണികൃഷ്ണൻ,എന്നിവർ വിശിഷ്ടാതിഥികളായി സന്നിഹിതരായിരിക്കും. സ്വാഗത പ്രസംഗം നടത്തുന്നത് ഡോക്ടർ ഡോൺ വി ഷാജു ആണ്. ശ്രീ ജോർജ് കോശിയും, ബിജു കെ ശിവാനന്ദനും ആശംസകൾ അർപ്പിക്കും.ശരയോഗ സംഗമത്തിനൊപ്പം യുവതി – യുവാക്കളുടെ വിവാഹവും നടത്തപ്പെടുന്നു.
തുടർന്ന് “അടിസ്ഥാനശരയോഗം നാൾവഴി” എന്ന വിഷയത്തിൽ ശരരാജയോഗി ഡോ: സുനിൽ ബാബു കെ സി ക്ലാസ്സ് എടുക്കും. പുരസ്കാര വിതരണത്തിനു ശേഷം വൈകുന്നേരം 4.30 മുതൽ ഡോ: സുനിൽ ബാബു കെ സി നയിക്കുന്ന ശരയോഗ ക്രിയ പരിശീലന മുണ്ടായിരിക്കും.
പുരാതനമായ രഹസ്യ ശാസ്ത്രമായ ശരയോഗവും മറ്റനവധി പൗരാണിക വിദ്യകളും സാധാരണക്കാർക്കും ഗൃഹസ്ഥാശ്രമവാസികൾക്കും പ്രാപ്തമാകണമെന്നുള്ള ലക്ഷ്യത്തോടുകൂടി ശരരാജയോഗി ഡോ: സുനിൽ ബാബു കെ സി യുടെ നേതൃത്വത്തിൽ പത്തനം തിട്ട, വെണ്ണിക്കുളം, മേമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്ര. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആദിമുനി യോഗകേന്ദ്ര ശരയോഗികളുടെയും ശരയോഗം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരുടെയും വളരെ വിപുലമായ ഒരു സമ്മേളനം ശരയോഗ സംഗമം എന്ന പേരിൽ നടത്തിവരുന്നുണ്ട്.















