അഴകിലും, ലക്ഷണ മികവിലും മുന്നിൽ നിൽക്കുന്നവരാണ് കേരളത്തിലെ കാടുകളിൽ നിന്ന് പിടികൂടുന്ന ആനകൾ അഥവാ നാടൻ ആനകൾ. അതിൽ തന്നെ നാട്ടിൽ പ്രസവിച്ച ആന എന്ന പ്രത്യേകതയും ബാലകൃഷ്ണനുണ്ട്. 1975 ഒക്ടോബർ 30ന് കോഴിക്കോട് കുറ്റ്യാടിയിലെ വീട്ടിൽ ജനിച്ച ആനയെ ഒന്നാം വയസ്സിലാണ് ഗുരുവായൂരപ്പന്റെ മുന്നിൽ നടയിരുത്തുന്നത്. കോഴിക്കോട് അളഗാപ്പൂരി ഹോട്ടൽ ഉടമ രാധാകൃഷ്ണനാണ് അന്ന് ആനയെ നടയിരുത്തിയത്. ഗുരുവായൂരപ്പന്റെ ഗോശാലയിലെ പശുക്കൾക്ക് ഒപ്പം ആയിരുന്നു ആദ്യകാലങ്ങളിൽ ബാലകൃഷ്ണനെ കെട്ടിയിരുന്നതുപോലും. അവിടത്തെ പശുക്കളുടെ പാലുകുടിച്ചാണ് ഗുരുവായൂരപ്പന്റെ മാനസപുത്രനായി ബാലകൃഷ്ണൻ വളർന്നതും.
ഇന്ന് പത്തടി ഉയരവും, വാൽച്ചെവിയും, നിലത്തു ഇഴയുന്ന തുമ്പിയും, ഇരിക്കസ്ഥാനത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന തലക്കുനിയുമായി സർവ ലക്ഷണങ്ങളും തികഞ്ഞ ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും ഉയരം കൂടിയ നാടൻ ആനയാണ് ബാലകൃഷ്ണൻ. ഒരുപാടുകാലം കെട്ടുതറിയിൽ മാത്രമായി ഒതുങ്ങിയ ബാലകൃഷ്ണന്റെ ജീവിതത്തിലേക്ക് ഒരു മാറ്റം കൊണ്ടുവരുന്നത് 8 വർഷങ്ങൾക്ക് മുൻപ് ആനക്കാരനായി ചുമതലയേറ്റ ചേർത്തല സ്വദേശി സുമലാലാണ്. 9 വർഷത്തോളം ആനക്കോട്ടയ്‌ക്ക് പുറത്തേക്ക് കൊണ്ടുപോകാത്ത ആനയെ സുമലാൽ ഏത് എഴുന്നള്ളിപ്പിനും തിടമ്പ് എടുത്ത് എഴുന്നളിക്കാവുന്ന മിടുക്കനായ എഴുന്നള്ളിപ്പ് ആനയാക്കി മാറ്റി. ഇപ്പോൾ എല്ലാ എഴുന്നള്ളിപ്പുകൾക്കും നായകസ്ഥാനമാണ് ബാലകൃഷ്ണന്.
ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം ശിരസ്സിലേറ്റിയതുപോലെ നിരവധി അംഗീകാരങ്ങളാണ് ഇന്ന് ബാലകൃഷ്ണനെ തേടി വരുന്നത്. ഇത്തിത്താനം ഗജമേളയിലും ഇത്തവണ ബാലകൃഷ്ണനെ പ്രത്യേക സ്ഥാനം നൽകി ആദരിച്ചിരുന്നു. തലയെടുപ്പിലും എഴുന്നള്ളിപ്പ് ചിട്ടയിലും മികവ് തെളിയിച്ച ബാലകൃഷ്ണനെ തങ്ങളുടെ പൂരങ്ങൾക്ക് എഴുന്നള്ളിക്കാൻ കേരളത്തിലെ പല പൂരകമ്മിറ്റിക്കാരും മത്സരിക്കുകയാണ്. ബാലകൃഷ്ണന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഒരു അംഗീകാരമാണ് 228-മത്തെ തൃശൂർ പൂരത്തിന് ലഭിക്കാൻ പോകുന്നത്.
ചൂരക്കോട്ടുകാവിൽ ഭഗവതിയുടെ പൂരത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഏറ്റവും കൂടുതൽ ആനകളെ അണിനിരത്തുന്ന ഘടകപൂരമാണ് ചൂരക്കോട്ടുകാവ് ഭഗവതിയുടെ പൂരം. അതുപോലെ പാറമേക്കാവിൽ ചൂരക്കോട്ടുകാവ് ഭഗവതി തിരിച്ചെത്തിയതിനു ശേഷമേ പാറമേക്കാവിലമ്മയെ പുറത്തേക്ക് എഴുന്നള്ളിക്കൂവെന്ന പ്രത്യേകതയും ഉണ്ട്. അങ്ങനെ തൃശൂർ പൂരത്തിന് ഏറെ പ്രാധാന്യമുള്ള ചൂരക്കോട്ടുകാവിലമ്മയുടെ തിടമ്പ് എടുക്കാൻ ഇത്തവണ ഭാഗ്യം ലഭിച്ചത് ബാലകൃഷ്ണനാണ്.
പാറമേക്കാവിന്റെ സഹായത്തോടെയാണ് ചൂരക്കോട്ടുകാവ് കമ്മിറ്റി ബാലകൃഷ്ണനെ കൊണ്ടുവരുന്നത്. ഒരുകാലത്ത് കൊമ്പില്ലാകൊമ്പൻ എന്ന പേരിൽ പലരും മാറ്റിനിർത്തപ്പെട്ട ആനയായിരുന്നു ബാലകൃഷ്ണൻ. എന്നാൽ ആനയുടെ യോഗ്യത തിരിച്ചറിഞ്ഞ ചൂരക്കോട്ടുക്കാവ് കമ്മിറ്റിയാണ് നിർണായകമായ ഈ തീരുമാനത്തിന് ധൈര്യം കാണിച്ചത്. തിരുവമ്പാടി. പാറമേക്കാവ് ദേവസ്വംങ്ങളുടെ പൂർണ പിന്തുണയോടെയാണ് ഈ തീരുമാനം.















