ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ ഭീകരരെ പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന പാകിസ്താന്റെ തുറന്നുപറച്ചിലിനെതിരെ ഐക്യരാഷ്‌ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രാജ്യം പതിറ്റാണ്ടുകളായി ഭീകരതയെ പിന്തുണച്ചിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു.പാകിസ്താന്റെ ഈ കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നും ആഗോള ഭീകരതയ്‌ക്ക് ഇന്ധനം നൽകുന്ന ഒരു “തെമ്മാടി രാഷ്‌ട്രമാണ്’ പാകിസ്താനെന്നും ഇന്ത്യ തിരിച്ചടിച്ചു.
“പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടുത്തിടെ നടത്തിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്താൻ ഭീകര സംഘടനകളെ പിന്തുണയ്‌ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നത് ലോകം മുഴുവൻ കേട്ടു. ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല, പകരം ആഗോള ഭീകരതയ്‌ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്‌ട്രമായി പാകിസ്താനെ തുറന്നുകാട്ടുന്നു. ലോകത്തിന് ഇനി കണ്ണടയ്‌ക്കാൻ കഴിയില്ല,” ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി അംബാസഡർ യോജ്‌ന പട്ടേൽ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനും പ്രചാരണത്തിൽ ഏർപ്പെടുന്നതിനും പാകിസ്താൻ ആഗോള വേദിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് യോജ്‌ന പട്ടേൽ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആഗോള സമൂഹം നൽകിയ “ശക്തവും വ്യക്തവുമായ പിന്തുണയ്‌ക്കും ഐക്യദാർഢ്യത്തിനും” ഇന്ത്യ നന്ദി പറഞ്ഞു. തീവ്രവാദത്തോടുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തെളിവാണിതെന്ന് യോജ്‌ന ചൂണ്ടിക്കാട്ടി.