ന്യൂഡൽഹി: പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത കൂട്ടകുരുതിക്ക് നേതൃത്വം നൽകിയ ലഷ്കർ ഭീകരൻ ഹാസിം മൂസ പാക് പട്ടാളത്തിലെ സ്പെഷ്യൽ സർവ്വീസ് ഗ്രൂപ്പിലെ കമാൻഡറായിരുന്നു എന്ന് എൻഐഎ. ഭീകരാക്രമണം നടക്കുമ്പോൾ മെയിൽ ഗെയ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കശ്മീർ പൊലീസ് ഉദ്യോഗസ്ഥനെയും മൂന്ന് സെക്യൂരിറ്റി ഗാർഡുകളെയും എൻഐഎ ചോദ്യം ചെയ്യും. ബൈസരൺ വാലിയിലെ സിപ്‌ലൈൻ ഓപ്പറേറ്ററേയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എൻഐഎ സംഘം വിവിധ ഗ്രൂപ്പുകളായാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
മെയിൻ ഗെയ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന്റെ പക്കൽ തോക്കുണ്ടായിരുന്നു. എന്നാൽ വെടിയൊച്ച കേട്ടപ്പോഴോ ആളുകൾ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോഴോ ഭീകരരെ പ്രതിരോധിക്കാനുള്ള യാതൊരു ശ്രമവും പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയില്ലെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പുറമേ സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ മൂന്ന് ഗാർഡുകളും അക്രമം നടക്കുമ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഭീകരർക്ക് തദ്ദേശീയരുട സഹായം ലഭിച്ചു എന്നാണ് എൻഐഎയുടെ വിലയിരുത്തൽ. അനന്തനാഗ്, ത്രാൽ മേഖലയിലെ രണ്ട് വീടുകളിൽ ഭീകരർ താമസിച്ചതായും സൂചന ലഭിച്ചു. ഈ വീട്ടുകാരെയും എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സിപ്‌ലൈനിൽ നിന്നും മഹാരാഷ്‌ട്ര സ്വദേശി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിയൊച്ച കേട്ടതിന് പിന്നാലെ ഓപ്പറേറ്റർ അള്ളാഹു അക്ബർ തക്ബീർ മുഴക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളുടെ ഭീകരബന്ധവും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. കൂടാതെ മരത്തിന്റെ മുകളിൽ നിന്നും പ്രാദേശിക വീഡിയോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളും എൻഐഎ പരിശോധിച്ച് വരികയാണ്. വെടിയൊച്ച കേട്ടതിന് പിന്നാലെ പ്രാണരക്ഷാർത്ഥം മരത്തിന്റെ മുകളിൽ കയറിയെന്നാണ് ഇയാൾ മൊഴി നൽകിയത്. സൈന്യം വന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് ഇയാൾ താഴേക്ക് ഇറങ്ങിയത്. ഈ ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണ്ണായകമാകും. കഴിഞ്ഞ ദിവസം എൻഐഎ സംഘം ക്രൈം സീൻ ബൈസരൺവാലിയിൽ പുനരാവിഷ്കരിച്ചിരുന്നു.