ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ സ്ലീപ്പർസെല്ലുകൾ വീണ്ടും സജീവമായെന്ന് ഇന്റലിജൻസ് കണ്ടെത്തൽ. കൂടുതൽ സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. ആകെയുള്ള 87 ടൂറിസ്റ്റ് സ്പോട്ടുകളിൽ 48 എണ്ണമാണ് ഇപ്പോൾ അടച്ചത്. പുതിയ ആക്രമണത്തിന് തയ്യാറെടുക്കാൻ സ്ലീപ്പർസെല്ലുകൾക്ക് നിർദേശം ലഭിച്ചെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീനഗർ, ഗന്ദർബാൽ ജില്ലകളിലും മറ്റ് പ്രദേശങ്ങളിലും കശ്മീരി പണ്ഡിറ്റുകൾ, സിഐഡി പേഴസണൽ, പ്രദേശവാസികളല്ലാത്തവർ എന്നിവർക്കുനേരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ നടത്താൻ പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസ് (ISI) പദ്ധതിയിടുന്നുണ്ടെന്ന വിവരമാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. ഭീകരരുടെ വീടുകൾ തകർത്തതിന്റെ പ്രതികാരമെന്നോണം ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഏപ്രിൽ 22നായിരുന്നു പാകിസ്താനിൽ നിന്നുള്ള ഭീകരരടക്കം 5 പേർ ചേർന്ന് പഹൽഗാമിലെ ബൈസരൺവാലിയിൽ ടൂറിസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയത്. 26 ടൂറിസ്റ്റുകളെയും ഒരു കശ്മീരിയെയും ഇസ്ലാമിക ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തുകയും ചെയ്തിരുന്നു.