ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ആയുധമാക്കി പാകിസ്താൻ. കേരള ഘടകത്തിന്റെ എക്സ് പോസ്റ്റാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നത്. പാക് ഭീകരസംഘടനകളുടെ തലവൻമാരും രാഷ്‌ട്രീയക്കാരും രാജ്യവിരുദ്ധ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യുകയാണ്. ഇന്ത്യയ്‌ക്കെതിരെ കിട്ടിയ ആയുധം എന്ന നിലയിലാണ് ഇതിനെ ഉപയോഗിക്കുന്നത്.
കോൺഗ്രസ് പാർട്ടി നേതാക്കളുടെ രാജ്യവിരുദ്ധ പ്രതികരണങ്ങൾക്കും പാകിസ്താനിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പാകിസ്താനുമായി യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന പ്രസ്താവന ഇത്തരത്തിൽ ഒന്നാണ്. മുതിർന്ന നേതാവ് മണിശങ്കർ അയ്യർ സമാന സ്വഭാവമുളള പ്രസ്താവന നടത്തിയതും പാകിസ്താൻ ഏറ്റെടുത്തിരുന്നു.
പ്രതിസന്ധി ഘട്ടത്തിൽ പോലും രാജ്യവിരുദ്ധ സ്വഭാവം പ്രകടമാക്കുന്ന കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. കോൺഗ്രസ് “ലഷ്കർ-ഇ-പാകിസ്താൻ കോൺഗ്രസായി’ മാറിയെന്ന് ദേശീയ വക്താവ് സൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. സൈന്യത്തെ അവഹേളിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെ ദുർബലപ്പെടുത്താനാണ് ശ്രമത്തെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. ഔദ്യോഗിക പേജിൽ രാജ്യവിരുദ്ധ പോസ്റ്റ് വന്നതിന് പ്രതിപക്ഷ നേതാവ് രാഹുൽ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















