കോഴിക്കോട്: പേവിഷബാധയേറ്റ അഞ്ചു വയസ്സുകാരിയെ മരണത്തിലേക്ക് നയിച്ചത് തലയിലെ ആഴത്തിലുള്ള മുറിവ്. കുട്ടിയുടെ ശരീരത്തിൽ 13 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. തലയിൽ ആഴത്തിൽ നാല് മുറിവുണ്ടായിരുന്നു.ഈ മുറിവിലുടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചതാണ് വാക്സിൻ ഫലം ചെയ്യാതിരിക്കാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ചൊവ്വാഴ്ച രാവിലെയാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പേവിഷബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നായയുടെ കടിയേറ്റാൽ പിന്തുടരേണ്ട ചികിത്സാ പ്രൊട്ടോകോൾ കൃത്യമായി പിന്തുടരാത്തതും കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയെന്ന സുചനയും ഡോക്ടർമാർ നൽകി. മൃഗങ്ങളുടെ കടിയേറ്റാൽ എത്രയും പെട്ടെന്ന് മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. കുട്ടിയുടെ മുറിവ് വീട്ടിൽ വച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം മാത്രമാണ് മുറിവ് കഴുകിയത്. മാത്രമല്ല കുട്ടിക്ക് വൈറസ് വ്യാപനം തടയുന്നതിനുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ താലൂക്ക് ആശുപത്രിയിൽ നൽകിയിരുന്നില്ല . ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇആർഐജി നൽകിയതെന്നും ഡോക്‌ടർമാർ പറഞ്ഞു.















