ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ഉന്നതതല യോഗം ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി, വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് എന്നിവരും ഉന്നതതല യോഗത്തിനായി എത്തി.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. കശ്മീരിൽ സ്ലീപ്പർസെല്ലുകൾ സജീവമായതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ 45-ലധികം ടൂറിസ്റ്റ് സ്പോട്ടുകൾ അടച്ചു. കശ്മീരിൽ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾക്ക് ഇനിയും സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ ഭീകരർക്കായി സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്.