ലഹരിവസ്തുക്കളുടെ ഉപയോഗം മനുഷ്യനെ എങ്ങനെ നശിപ്പിക്കുമെന്നതിന്റെ നിരവധി സൂചനകൾ മലയാളി സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലഹരിയുടെ ആനന്ദത്തിൽ സ്ഥലകാലബോധം മറന്ന് പരസ്പരം അടിച്ചും ഇടിച്ചും വെട്ടിയും കുത്തിയും ചോരപ്പുഴ ഒഴുക്കുന്ന യുവതലമുറയേയും നാം കണ്ടുകഴിഞ്ഞു. ലഹരിക്കെതിരെ സർക്കാരും പൊലീസും സമൂഹവും ഒറ്റകെട്ടായി പ്രവർത്തിക്കുന്ന ഈ വേളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ ലഹരിവസ്തുക്കളുമായി പിടിയിലായത് ഏറെ ചർച്ചയായിരുന്നു.
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ തുടങ്ങിയ യുവനടന്മാരും സംവിധായകരും കഞ്ചാവ്/സിന്തറ്റിക് ലഹരികൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും ഇവരിൽ പലരെയും ലഹരിവസ്തുക്കളുമായി പൊലീസ് കയ്യോടെ പൊക്കുകയും ചെയ്തു. ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വേടൻ.
വേടൻ എന്നുവിശേഷിപ്പിക്കുന്ന മലയാളി റാപ്പറായ ഹിരൺദാസ് മുരളിയെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. എന്നാൽ ഇതിനുപിന്നാലെ വേടന്റെ കഞ്ചാവ് ഉപയോഗത്തെ ന്യായീകരിച്ച് നിരവധി പ്രമുഖർ രംഗത്തെത്തുകയും ചെയ്തു. വളരെ ചെറിയ അളവിലുള്ള കഞ്ചാവ് മാത്രമാണ് വേടന്റെ പക്കൽ നിന്നുപിടിച്ചതെന്നും വേടന്റെ നിറവും ജാതിയും രാഷ്‌ട്രീയവുമാണ് വേടനെതിരായ വിമർശനത്തിന് കാരണമെന്നുമാണ് വിഷയത്തെ വെള്ളപൂശുന്നവരുടെ പ്രധാന അവകാശവാദം.
ലഹരി ഉപയോഗത്തെ നിസാരവത്കരിക്കുന്ന ഇത്തരം വാദങ്ങൾ ഉയരുന്ന സമയത്ത് തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ.
ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം. ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്. ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ.. – ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
നടൻ ഉണ്ണി മുകുന്ദനും ഫെയ്സ്ബുക്കിൽ കുറിച്ചത് സമാനമായ നിലപാടാണ്. ‘മാർക്കോ’ എന്ന കഥാപാത്രത്തെ ആരും അനുകരിക്കാൻ ശ്രമിക്കരുതെന്നും റീൽ ജീവിതമല്ല റിയൽ ജീവിതമെന്നുമുള്ള സന്ദേശമാണ് ഉണ്ണി നൽകിയത്. സിഗരറ്റ് കയ്യിൽ വച്ച് മാർക്കോയെ അനുകരിക്കാൻ എളുപ്പമായിരിക്കും പക്ഷെ സിക്സ് പാക്കുള്ള മാർക്കോയെ പോലെയാകാനാണ് ശ്രമിക്കേണ്ടത്. അതിനുവേണ്ടത് ദൃഢനിശ്ചയവും അശ്രാന്തപരിശ്രമവുമാണെന്ന് ഉണ്ണി മുകുന്ദൻ ഓർമിപ്പിച്ചു.
“ഒരു സിഗരറ്റിന്റെ ഭാരം ബ്രാൻഡും തരവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും ചുരുങ്ങിയത് 0.7 മുതൽ 1.0 ഗ്രാം വരെ ഭാരം കാണും. പിന്നെ സിഗരറ്റിന്റെ ഫിൽട്ടറും പേപ്പറും ഉൾപ്പെടെ മൊത്തം ഭാരം ശരാശരി 1 ഗ്രാം ആയി കണക്കാക്കാം. അതെടുത്ത് ഉയർത്തുമ്പോഴാണ് പൗരുഷമുണ്ടാകുന്നത് എന്ന് നിങ്ങൾ കരുതുന്നതുന്നുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ ചോയ്സിനെക്കുറിച്ച് പുനരാലോചിക്കുക. യഥാർത്ഥത്തിൽ ‘ഹൈ’ ആകാൻ ആണുങ്ങൾ 50 കിലോ ഇരുമ്പ് ഉയർത്താറുണ്ട്. ഇതിൽ ഏതുവേണമെന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ്” – ഉണ്ണി പറഞ്ഞു.
സിന്തറ്റിക് ലഹരികൾ മാത്രമല്ല, പ്രകൃതിദത്തമെന്ന് അവകാശപ്പെടുന്ന കഞ്ചാവും, സാധാരണമായി കണക്കാക്കുന്ന സിഗരറ്റ് പോലും ശീലമാക്കരുത്, ഉപയോഗിക്കരുത് എന്ന സന്ദേശമാണ് ഉണ്ണി നൽകിയത്. “സിഗററ്റ് വലിച്ച് പട്ടിഷോ ഇറക്കാതെ രണ്ട് ഡംബല് പൊക്കെടാ ഡാഷുകളെ” എന്നാണ് പച്ചമലയാളത്തിൽ ഉണ്ണി പറയുന്നതെന്ന് നടന്റെ കുറിപ്പിനു താഴെ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.















